ആലപ്പുഴ : ഒഴിയാബാധയായി തുടരുന്ന കൊവിഡിനെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുമ്പോൾ, സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുകയാണ് ഹോട്ടൽ വ്യവസായമേഖല. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളോട് യോജിക്കാനാവില്ലെന്ന സമീപനമാണ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ളത്. തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും മെയിൽ സന്ദേശമയച്ചു
മാസങ്ങൾക്ക് മുമ്പ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ, ലോക്ക് ഡൗൺ കാലത്തെ ക്ഷീണത്തിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് വീണ്ടും കൊവിഡ് വ്യാപനം വർദ്ധിച്ചതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും.ഭരണകൂടമടക്കം എല്ലാവരും സകല നിയന്ത്രണങ്ങളും കാറ്റിൽ പറത്തി തിരഞ്ഞെടുപ്പ് പ്രചാരണകാലം ആഘോഷമാക്കിയതാണ് വീണ്ടും അടച്ചുപൂട്ടലിന്റെ വക്കിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് ഹോട്ടലുടമകൾ പറയുന്നു. വൈകുന്നേരങ്ങളിലാണ് ഫാസ്റ്റ് ഫുഡ് കച്ചവടം കാര്യമായി നടക്കുന്നത്. റംസാൻ കാലമായതിനാൽ നോയമ്പ് തുറ വിഭവങ്ങൾക്ക് നല്ല കച്ചവടം ലഭിക്കുന്ന സീസണാണിത്. സമയ നിയന്ത്രണവും ആളെണ്ണ നിയന്ത്രണവും മൂലം കച്ചവടം കുറഞ്ഞാൽ കടകളിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കേണ്ടി വരുമെന്നും ഹോട്ടലുടമകൾ പറയുന്നു.
വീണ്ടും ഓൺലൈൻ
രാജ്യം ലോക്ക് ഡൗണിലേക്ക് കടന്നതോടെയാണ് ഓൺലൈൻ ഭക്ഷണവ്യാപാരം വളർന്നത്. ഹോട്ടലുകളിലെ എല്ലാ സീറ്റിലും കസ്റ്റമേഴ്സിനെ ഇരുത്താമെന്നായതോടെ ഓൺലൈൻ വ്യാപാരം അല്പം മന്ദഗതിയിലായിരുന്നു. നിയന്ത്രണങ്ങൾ മുറുകുന്നതോടെ പഴയ പ്രതാപത്തിലേക്ക് ഓൺലൈൻ വ്യാപാരം തിരിച്ചെത്തും. വെജിറ്റേറിയൻ വിഭവങ്ങൾക്ക് പൊതുവേ ഓൺലൈൻ ഡിമാൻഡ് കുറവാണ്. ഏറ്റവും കൂടുതൽ ഡിമാൻഡ് പൊറോട്ടയ്ക്കും ചിക്കൻ വിഭവങ്ങൾക്കുമാണെന്ന് കച്ചവടക്കാർ പറയുന്നു. പക്ഷേ,നഗരങ്ങൾ കേന്ദ്രീകരിച്ചു മാത്രമാണ് ഓൺലൈൻ വിഭവങ്ങൾക്ക് ആവശ്യക്കാരുള്ളത്.
.
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ തോന്ന്യാസങ്ങൾക്കും കൂട്ടുനിന്നു. മാതൃകയാകേണ്ട പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോലും ആൾക്കൂട്ടങ്ങൾക്ക് നടുവിലെത്തി. ഒടുവിൽ എല്ലാ പ്രതിസന്ധികളും അനുഭവിക്കേണ്ടിവരുന്നത് കച്ചവടക്കാരാണ്.
- നാസർ താജ്, ജില്ലാപ്രസിഡന്റ്,
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ