ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ നഗരത്തിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽപരിശോധനയിൽ 30 കിലോ പഴകിയ മത്സ്യം പിടികൂടി.വേനൽ കടുക്കുന്നതിനാൽ വിൽക്കുന്ന മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. വഴിച്ചേരിപ്പാലം,ജില്ലാക്കോടതിക്ക് സമീപം, ആലിശേരി,കൈചൂണ്ടിമുക്ക്,ബാപ്പുവൈദ്യർ ജംഗ്ഷന് സമീപം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ബാപ്പു വൈദ്യർ ജംഗ്ഷന് സമീപത്തെ കേന്ദ്രത്തിൽ നിന്നാണ് 30 കിലോ പഴകിയ മത്സ്യം പിടികൂടിയത്. ഈ മത്സ്യ വ്യാപാരകേന്ദ്രത്തിന് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരും. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥ ജിഷ,ഹെൽത്ത് ഇൻസ്പെക്ടർ ആർ.അനിൽ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിക്കുട്ടൻ,രഘു,റിനോഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.