s

ടണ്ണിന് ഒറ്റയടിക്ക് 14,000 രൂപവരെ കൂടി

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ കമ്പനികൾ രാസവളങ്ങളുടെ വില കുത്തനെ വർദ്ധിപ്പിച്ചത് മൂലം കർഷകർ പ്രതിസന്ധിയിൽ. ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വില ടണ്ണിന് 24,000 രൂപയായിരുന്നത് 38,000 ആയി.

സാധാരണ 50 കിലോ ചാക്ക് വളമെടുക്കുന്ന കർഷകർക്ക് ഒരു ചാക്കിന്മേൽ 700 രൂപ അധികം ചെലവഴിക്കണം. നിലവിൽ കർഷകർക്കുള്ള സബ്സിഡിയും മാറ്റിയിരിക്കുകയാണ്. ഇതോടെ ഒരേക്കറിൽ വളമിടാൻ 5000 രൂപയാണ് അധിക ചെലവുണ്ടാകുന്നത്. കുട്ടനാട്ടിൽ രണ്ടാം കൃഷിയാണ് ഇറക്കിയിരിക്കുന്നത്. കുഞ്ഞത് മൂന്ന് തവണയെങ്കിലും വളമിടേണ്ടതുണ്ട്. കൃഷിക്കാരന് താങ്ങാനാവാത്ത വളം വില വർദ്ധന പിൻവലിക്കാൻ കമ്പനികൾ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം. അല്ലാത്തപക്ഷം വളം വില വർദ്ധനവിന്റെ തോതനുസരിച്ച് സബ്സിഡി വിതരണം ചെയ്തുകൊണ്ട് കൃഷിക്കാരെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് ആവശ്യം. പ്രതിഷേധ സൂചകമായി കേന്ദ്ര ധനമന്ത്രി, കൃഷിമന്ത്രി, പ്രധാനമന്ത്രി എന്നിവർക്ക് കത്തയയ്ക്കാനാണ് കർഷകരുടെ തീരുമാനം.

......................................

വളം- പഴയ വില- പുതിയ വില (ടണ്ണിന്)

എൻ.പി.കെ: 23,500 - 35,500

എൻ.പി.കെ 2: 23,700 - 36,000

നൈട്രജൻ ഫോസ്ഫേറ്റ്: 18,500 - 27,000

...............................

 ഉദ്യോഗസ്ഥർ ഓഫീസിൽ

കാർഷിക പ്രശ്നങ്ങളും കർഷകരുടെ ആവശ്യങ്ങളും പരാതിയും മനസിലാക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൃഷി ഭവനുകൾ ആരംഭിച്ച കാലത്ത് ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് കൃഷി ഓഫീസർ, ഓഫീസിൽ ഇരുന്നുള്ള ജോലി ചെയ്യുന്നത്. ബാക്കി ദിവസങ്ങളിൽ കർഷകർക്കിടയിൽ ഇറങ്ങിയാണ് കാര്യങ്ങൾ പഠിച്ചിരുന്നത്. ഇന്ന് സ്ഥിതി മാറി. ഉദ്യോഗസ്ഥരുടെ കുറവാണ് പ്രധാന പ്രതിസന്ധി.

.......................................

വളത്തിന്റെ വില വർദ്ധിപ്പിക്കില്ലെന്ന് രണ്ടുമാസം മുമ്പ് കേന്ദ്ര ധനമന്ത്രി പറഞ്ഞത് വെറും വാക്കായി മാറി. വില കുറയ്ക്കാനോ, അല്ലാത്ത പക്ഷം സബ്സിഡി അനുവദിക്കാനോ കേന്ദ്രം തയ്യായാറാവണം

ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്

നെൽ, നാളികേര കർഷക ഫെഡറേഷൻ