എടത്വാ : വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലിറക്കിയ നെൽകൃഷി വിളവെടുപ്പിന് മുമ്പേ വെള്ളത്തിൽ മുങ്ങി. തലവടി കൃഷിഭവൻ പരിധിയിൽപ്പെട്ട എട്ട്യാരിമുട്ട് കോതാകരി പാടത്തെ എയ്ഞ്ചൽ ജെ.എൽ.ജി കുടുംബശ്രീ വനിത കൂട്ടായ്മയുടെ പുഞ്ചകൃഷിയാണ് വേനൽമഴയിൽ വെള്ളത്തിലായത്.
പാട്ടത്തിനെടുത്ത ഒൻപത് ഏക്കറിൽ ബാങ്ക് വായ്പയെടുത്താണ് കൃഷിയിറക്കിയത്. വെള്ളത്തിലായ നെല്ല് കിളിർത്ത് തുടങ്ങി. കൊയ്യാറായ നെല്ല് ഒരാഴ്ചയായി മുട്ടോളം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. 250 ഏക്കർ വിസ്തൃതിയുള്ള പാടത്തെ വിളവെടുപ്പ് 12ന് നടത്താൻ തീരുമാനിച്ചിരുന്നു. പാടത്ത് മുട്ടോളം വെള്ളം എത്തിയതോടെ കൊയ്ത് യന്ത്രം ഇറക്കാൻ കഴിയാത്ത അവസ്ഥയിൽ വിളവെടുപ്പ് മാറ്റിവെച്ചു. കുടുംബശ്രീ പ്രവർത്തകരായ മറിയാമ്മ ഈപ്പൻ, മറിയാമ്മ സജി, ആനിയാമ്മ വർഗ്ഗീസ്, സനിത അനിൽ, സാറാമ്മ വർഗ്ഗീസ് എന്നീ അഞ്ചംഗ സംഘമാണ് കൃഷി ഇറക്കിയത്. പാടത്തെ വെള്ളം വറ്റിച്ച് വിളവെടുപ്പ് നടത്തിയാലും വൻനഷ്ടത്തിൽ കലാശിക്കുമെന്ന് ഇവർ പറയുന്നു. പരസ്പര ജാമ്യത്തിൽ കൃഷിക്കായി എടുത്ത ബാങ്ക് ലോൺ പോലും അടച്ച് തീർക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കരകൃഷി ചെയ്തിരുന്ന വനിത കൂട്ടായ്മ ഇക്കുറി പുഞ്ചകൃഷിയിലേക്ക് തിരിയുകയായിരുന്നു. . സർക്കാർ അടിയന്തര സഹായം നൽകണമെന്ന് പാടം സന്ദർശിച്ച ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ആവശ്യപ്പെട്ടു.