ആലപ്പുഴ: നഗരത്തിൽ പലയിടങ്ങളിൽ കുന്നുകൂടിക്കിടന്ന ടൺ കണക്കിന് മാലിന്യത്തിന് അനക്കം വച്ചതോടെ ആലപ്പുഴയുടെ തെരുവുകൾക്ക് പുതിയമുഖം.
വഴിച്ചേരി അറവുശാല, ആലിശേരി പഴയ ബസ് സ്റ്റാൻഡിനു സമീപം, ഇ.എം.എസ് സ്റ്റേഡിയം എന്നിവിടങ്ങളിലായി വർഷങ്ങളായി കിടന്ന പ്ളാസ്റ്റിക് ശേഖരമുൾപ്പടെയുള്ള മാലിന്യം ക്ലീൻ കേരള കമ്പനിയും ഗ്രീൻ വേംസ് കമ്പനിയും ചേർന്നുള്ള സംയുക്ത നീക്കത്തിൽ ക്ളീനായി.
നിലവിലെ ഭരണസമിതി അധികാരമേറ്റ് ആഴ്ചകൾകൊണ്ട് ടോറസ് ലോറികളിൽ രാവും പകലുമായി മാലിന്യം ഏറെക്കുറെ പൂർണമായി നഗരത്തിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ഹരിത കർമ സേന നടത്തുന്ന ചിട്ടയായപ്രവർത്തനങ്ങളാണ് മാലിന്യമുക്ത നഗരമെന്ന സ്വപ്നത്തിലേയ്ക്കുള്ള ഗതി വേഗമേറ്റിയത്.
കൃത്യമായ ഇടവേളകളിൽ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയിൽ സംസ്‌കരിക്കുകയാണ് ഹരിതകർമ സേനയുടെ ചുമതല. നഗരത്തിലെ എല്ലാ വാർഡുകളിലെയും വീടുകളിലും ഹരിത കർമസേന പ്രവർത്തകർ എത്തിത്തുടങ്ങി
കൃത്യമായി തരം തിരിച്ച് ശുചീകരിച്ച പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ഇതു വഴി കഴിയുന്നുമുണ്ട്. പാൽ, ധാന്യപൊടി കവർ വൃത്തിയാക്കി നൽകണമെന്നാണ് ഹരിത കർമ്മസേനയുടെ നിർദേശം. അല്ലെങ്കിൽ ബാക്ടീരിയ കയറി വൃത്തിഹീനമാകും. പാൽകവർ കഴുകി ഉണക്കി വയ്ക്കണം.
മാലിന്യം വെറും മാലിന്യമല്ല
ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് റോഡു നിർമ്മാണത്തിനും മറ്റ് വ്യവസായങ്ങൾക്കുമായി കൈമാറും. നഗരസഭയുടെ ചില പദ്ധതികൾ ഇങ്ങനെ. മാലിന്യക്കൂമ്പാരമായിരുന്ന ആലിശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പൂന്തോട്ടമുയരും. നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ പൂവും പച്ചക്കറിയും കൃഷി ചെയ്യാൻ പോകുകയാണ്. മറ്റ് ചില പ്രോജക്ടുകളും നഗരസഭയുടെ ആലോചനയിലുണ്ട്. വർഷങ്ങളായി നഗരസഭയുടെ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ചിരുന്ന 500ടൺ അജൈവ മാലിന്യം ക്ലീൻ കേരള കമ്പനി കഴിഞ്ഞ മാസം കൈമാറി. ഹരിതകർമ്മ സേന 40 രൂപ യൂസർ ഫീ ആയി ഈടാക്കുന്നുണ്ട്. 42 ഹരിത കർമ്മ സേനാ പ്രവർത്തകരാണ് നഗരസഭയിൽ നിലവിൽ പ്രവർത്തിക്കുന്നത്.
ഹരിതകർമ്മ സേന
ഹരിത കേരള മിഷൻ,ശുചിത്വമിഷൻ,ക്ലീൻകേരള കമ്പിനി എന്നിവ കുടുംബശ്രീയുമായി ചേർന്ന് നടത്തുന്ന സംരഭമാണ് ഹരിത കർമ്മസേന. വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കും. ഇവിടെ തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലേക്ക് അയയ്ക്കും. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങൾ സാദ്ധ്യമാക്കും. ഇതാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനരീതി.
സഹകരിക്കാം, മാലിന്യ സേനയോട്
ഹരിത കർമ്മ സേന വീടുകളിൽ മാലിന്യശേഖരണത്തിന് വീടുകളിൽ എത്തുമ്പോൾ മാലിന്യം എയറോബിക് സെന്ററിൽ നൽകുമെന്ന് പറയും. എന്നാൽ ഈപ്ലാസ്റ്റിക് മാലിന്യം രാത്രികാലങ്ങളിൽ പൊതുഇടങ്ങളിലാണ് എത്തുന്നതെന്ന് ആക്ഷേപമുണ്ട്.
'' ഹരിതകർമ്മസേനയുടെ പ്രവർത്തകർ എല്ലാ വാർഡുകളിലും എല്ലാവീടുകളിലും എത്തുന്നുണ്ട്. സ്തുത്യർഹമായ പ്രവർത്തനമാണ് ഈ സ്ത്രീ തൊഴിലാളികൾ നടത്തി വരുന്നത്. ഹരിത കർമ്മസേന ഏതെങ്കിലും ഭാഗത്ത് വരുന്നില്ലെങ്കിൽ അതാത് കൗൺസിലർമാകുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ മതി.
(സൗമ്യ രാജ്,ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ)