ambala

 നോക്കുകുത്തിയായി പുന്നപ്ര ചള്ളി ഫിഷ് ലാൻഡിംഗ് സെന്റർ

അമ്പലപ്പുഴ: പുന്നപ്ര ചള്ളി കടപ്പുറത്തെ ഫിഷ് ലാൻഡിംഗ് സെന്ററിൽ പേരിനെങ്കിലും ഒരു മത്സ്യബന്ധന വള്ളമടുത്തിട്ട് വർഷം മൂന്ന്. തോട്ടപ്പള്ളി മുതൽ ഒറ്റമശേരി വരെയുള്ള മത്സ്യത്തൊഴിലാളികളുടെ യാനങ്ങൾ മത്സ്യ ബന്ധനത്തിന് പോയിരുന്നതും മത്സ്യവുമായി എത്തിയിരുന്നതും വില്പന നടത്തിയിരുന്നതും പുന്നപ്ര തെക്കു പഞ്ചായത്തിലെ ചള്ളി കടൽ തീരത്തായിരുന്നു.

കടൽ കൂടി നിൽക്കുന്നതു മൂലമുള്ള സാങ്കേതിക പ്രശ്നങ്ങളാണ് വള്ളങ്ങളെ അകറ്റി നിറുത്തുന്നത്.

നിലവിൽ പായൽ കുളങ്ങരയിലും അമ്പലപ്പുഴയിലുമാണ് വള്ളങ്ങൾ അടുക്കുന്നത്. സെന്ററിൽ നിന്നു 150 മീറ്ററോളം അകലെയായിരുന്ന കടലിലേക്ക് ഇപ്പോൾ 20 മീറ്റർ മാത്രമാണ് ദൂരം. ഇനി ഒരു കടൽ ക്ഷോഭമുണ്ടായാൽ ഫിഷ് ലാൻഡ് സെന്റർ കടലിലാവുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പ്രദേശത്തെ യാനങ്ങൾ വാഹനത്തിൽ കയറ്റി, മത്സ്യത്തൊഴിലാളികൾക്കൊപ്പം ദൂരെ സ്ഥലങ്ങളിൽ ചെന്നാണ് കടലിൽ ഇറക്കുന്നത്. ഇതിന് 6000ത്തോളം രൂപ ചെലവാകും. ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്ന പുന്നപ്ര പ്രദേശത്ത് കടലിൽ അപകടമുണ്ടായാൽ വള്ളം തോട്ടപ്പള്ളിയിലോ കായംകുളത്തോ അടുപ്പിക്കണം. പുന്നപ്ര കടലിൽ നിന്നു 1000 രൂപയ്ക്ക് മത്സ്യം ലഭിച്ചാൽ വിൽപ്പനയ്ക്കായി തോട്ടപ്പള്ളി ഹാർബർ വരെ ചെല്ലാൻ 4000 രൂപയോളം ചെലവാകും.

1986 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്ഥലം എം.എൽ.എ ആയിരുന്ന വി.ദിനകരനാണ് പുന്നപ്രയിൽ ഫിഷ് ലാൻഡിംഗ് സെന്റർ വേണമെന്ന് ആവശ്യപ്പെട്ടത്. 45 ലക്ഷം രൂപ യു.ഡി.എഫ് സർക്കാർ അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. മന്ത്രിയായിരുന്ന സുശീല ഗോപാലനാണ് 1996ൽ ഉദ്ഘാടനം നിർവ്വഹിച്ചത്. മത്സ്യബന്ധന വലകൾ അറ്റകുറ്റപ്പണി നടത്താനുള്ള ഹാളും ലേല ഹാളും മത്സ്യം ശീതീകരിക്കാനുള്ള മുറിയും തയ്യാറാക്കിയിരുന്നു. പിന്നീട് 2016ൽ കേന്ദ്രസർക്കാർ അനുവദിച്ച 1.99 കോടി ചെലവഴിച്ച് ഭൗതിക സൗകര്യങ്ങൾ മെച്ചമാക്കി. ഹെലിപ്പാട് മാതൃകയിലുള്ള പ്ലാറ്റ്ഫോമും, മത്സ്യ പ്രോസസിംഗ് യൂണിറ്റും ഉൾപ്പടെ നിർമ്മിച്ചെങ്കിലും യാനങ്ങൾ തീരത്ത് അടുപ്പിക്കാനാകാതെ വന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമില്ലാത്ത അവസ്ഥയായി.

 വേണം മിനി ഹാർബർ

ഇരു ഭാഗത്തും കടലിൽ പുലിമുട്ട് നിർമ്മിച്ചാൽ മാത്രമേ വള്ളങ്ങൾ അടുപ്പിക്കാനും ഇറക്കാനും സാധിക്കൂ. പുലിമുട്ട് കെട്ടി മിനി ഹാർബർ ആക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ ഏതാനും വർഷത്തിനുള്ളിൽ ഫിഷ് ലാൻഡിംഗ് സെന്റർ കടലിലാവും. പഴയങ്ങാടി മുതൽ ഒറ്റമശേരി വരെയുള്ള 5000 ത്തോളം മത്സ്യബന്ധന യാനങ്ങളുടേയും ബന്ധപ്പെട്ട തൊഴിലാളികളുടേയും പ്രതീക്ഷയാണ് പുന്നപ്ര മിനി ഹാർബർ.

...............................

പുലിമുട്ടുകൾ നിർമ്മിച്ച് വള്ളങ്ങൾ അടുപ്പിക്കാനുള്ള സംവിധാനം ഒരുക്കിയാലേ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുകയുള്ളൂ. മിനി ഹാർബർ ആക്കുന്നതിനുള്ള പഠനങ്ങൾ നടന്നെങ്കിലും പിന്നീട് ഒരു വിവരവുമില്ല

വി.ദിനകരൻ, മുൻ എം.എൽ.എ

...........................

പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്റർ കടലെടുക്കുന്നതിന് മുൻപ് പുലിമുട്ടുകൾ സ്ഥാപിച്ച് സംരക്ഷിക്കണം. വള്ളങ്ങൾ അടുപ്പിക്കാനാവാത്തതുമൂലം വലിയ സാമ്പത്തിക ബാദ്ധ്യതയാണ് മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാകുന്നത്. മിനി ഹാർബർ ആക്കാൻ അടിയന്തര നടപടി സ്വീകരിക്കണം

ഡി. അഖിലാനന്ദൻ, കല്ലൂപ്പാറലിൽ 51-ാം നമ്പർ കരയോഗം പ്രസിഡന്റ്