t

ആലപ്പുഴ: കൊവിഡിന്റെ രണ്ടാം തരംഗവും തിയേറ്റർ മേഖലയെ കീഴ്പ്പെടുത്തുന്നു. പുതിയ നിയന്ത്രണങ്ങൾ തിയേറ്ററുകൾക്ക് മേൽ വന്നിട്ടില്ലെങ്കിലും, രോഗവ്യാപന ഭീതി കാരണം കുടുംബപ്രേക്ഷകർ തിയേറ്ററുകളെ കൈയൊഴിഞ്ഞ മട്ടാണ്.

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം പകുതി സീറ്റിൽ മാത്രം ആളുകളെ ഇരുത്തി, സെക്കൻഡ് ഷോ ഒഴിവാക്കിയാണ് കഴിഞ്ഞ ജനുവരി മുതൽ സിനിമാശാലകൾ പ്രവർത്തനം പുനരാരംഭിച്ചത്. ഓൺലൈനായുള്ള ഒ.ടി.ടി (ഓവർ ദ ടോപ്) റിലീസുകൾ വർദ്ധിക്കുന്നത് തിയേറ്റർ വ്യവസായത്തിന് വെല്ലുവിളിയാണ്. സിനിമകൾ തിയേറ്ററുകളിൽ നിന്ന് മാറി ഓൺലൈനാകുമ്പോൾ നേട്ടം ഏതാനും പേരിലേക്ക് ചുരുങ്ങും. സിനിമാശാലകളിൽ റിലീസ് നടക്കുമ്പോൾ, അനുബന്ധ മേഖലകൾക്ക് കൂടിയാണ് ഗുണം. പതിനായിരങ്ങളുടെ ഉപജീവന മാർഗമായ ചലച്ചിത്ര വ്യവസായത്തിൽ തിയേറ്ററുകൾക്ക് നിർണായക സ്വാധീനമാണുള്ളത്. പോസ്റ്റർ ഒട്ടിക്കുന്നവർ, പ്രൊജക്ടർ ഓപ്പറേറ്റർമാർ, മറ്റ് ജോലിക്കാർ, ഓട്ടോ - ടാക്സി മേഖല, ഹോട്ടലുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് പരോക്ഷ വരുമാനമാർഗമാണ് തിയേറ്റർ റിലീസിൽ ലഭിക്കുന്നത്. ഒ.ടി.ടിയിൽ റിലീസ് ചെയ്ത സിനിമകൾക്ക്, തിയേറ്റർ റിലീസ് അനുവദിക്കാത്തതിനാൽ പുതിയ റിലീസുകളിൽ മാത്രമാണ് സിനിമാശാലകളുടെ പ്രതീക്ഷ.

 സിനിമയില്ലാത്ത വിഷു

ഒരാണ്ട് മുമ്പ് വരെ വിഷു റിലീസ് ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന പതിവുണ്ടായിരുന്നു മലയാള സിനിമാപ്രേമികൾക്ക്. കൊവിഡ് എത്തിയതോടെ ആ ശീലത്തിന് തത്കാലം വിട നൽകി. മമ്മൂട്ടി ചിത്രമായ 'പ്രീസ്റ്റ്' പ്രതിസന്ധികൾക്കിടയിൽ മികച്ച വിജയം കൈവരിച്ചതൊഴിച്ചാൽ, ഹിറ്റ് ചിത്രങ്ങളൊന്നും അടുത്തകാലത്ത് തിയേറ്ററിലെത്തിയില്ല. തിയേറ്റർ കളക്ഷനിൽ മെഗാ ഹിറ്റാകേണ്ടിയിരുന്ന ദൃശ്യം 2 അടക്കം ഒരുപിടി ചിത്രങ്ങളാണ് ഒ.ടി.ടി വഴി പ്രേക്ഷകരിലെത്തിയത്. സിനിമാ പ്രവർത്തകർക്കും സാമ്പത്തിക മെച്ചം ലഭിക്കണമെങ്കിൽ തിയേറ്റർ ഷോ തന്നെ വേണം.

 കളക്ഷൻ ഇടിഞ്ഞു

ജനുവരിയിൽ പ്രവർത്തനം പുനരാരംഭിച്ച തിയേറ്ററുകളിൽ പകുതി സീറ്റിംഗ് കപ്പാസിറ്റിയിൽ തരക്കേടില്ലാതെയാണ് വരുമാനം ലഭിച്ചിരുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ പൊടുന്നനെ വർദ്ധനവുണ്ടായതോടെ പ്രേക്ഷകരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി മോശം കളക്ഷനാണ് ലഭിക്കുന്നതെന്ന് തിയേറ്റർ രംഗത്തുള്ളവർ പറയുന്നു.

.........................

ഹിറ്റ് പടങ്ങൾ തിയേറ്ററുകളിലെത്തിയാൽ പ്രേക്ഷകരെത്തും. വിഷുക്കാലമായിട്ടുപോലും അത്തരം വമ്പൻ ചിത്രങ്ങളില്ല. ഇതിനകം നിരവധി മികച്ച ചിത്രങ്ങൾ ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച അതേ നിയന്ത്രണങ്ങൾ പാലിച്ചാണ് കഴിഞ്ഞ നാല് മാസമായി സിനിമാശാലകൾ പ്രവർത്തിക്കുന്നത്

വി.എ.മാത്യു, പങ്കജ് തിയേറ്റർ, ആലപ്പുഴ