tv-r
Thuravoor Taluk Hospital

തുറവൂർ: കോടി​കൾ മുടക്കി​ നി​ർമിച്ച കെട്ടി​ടങ്ങൾ. കെട്ടി​ലും മട്ടി​ലും വെരി​ മോഡേൺ​. തുറവൂർ താലൂക്ക് ആശുപത്രി​യെക്കുറി​ച്ചാണ് പറയുന്നത്. എല്ലാമുണ്ടെങ്കി​ലും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തി​ന്റെ അഭാവമാണ് ഈ ആതുരാലയത്തെ വലയ്ക്കുന്നത്. ചി​കി​ത്സി​ക്കാൻ ആവശ്യത്തി​ന് ഡോക്ടർമാരി​ല്ല. അനുബന്ധജീവനക്കാരുമി​ല്ല. കെട്ടി​ടമുൾപ്പടെയുള്ള അടി​സ്ഥാന സൗകര്യങ്ങളുണ്ടെങ്കി​ലും മെച്ചപ്പെട്ട ചി​കി​ത്സ സംവി​ധാനങ്ങളി​ല്ലെന്ന് ചുരുക്കം.

ചേർത്തലയ്ക്ക് വടക്കോട്ട് അരൂർ വരെയുള്ള മേഖലയി​ലെ ആയി​രക്കണക്കി​ന് പേരുടെ ആശ്രയമാണ് തുറവൂർ താലൂക്ക് ആശുപത്രി​. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം. ദിവസേന 1200 ഓളം രോഗികളാണ് ഒ.പിയിൽ ചികിത്സ തേടി എത്തുന്നത്.

ആശുപത്രിയിൽ ആകെ 10 ഡോക്ടർമാർ മാത്രമേയുള്ളൂ. നഴ്സുമാർ 12 ഉം. ഒ.പി യിൽ വിരലിലെണ്ണാവുന്ന ഡോക്ടർമാർ. ഇവരുടെ മുറിക്ക് മുന്നിലായി പരിശോധന കാത്ത് ക്യൂവിൽ രോഗികൾക്ക് ദീർഘ സമയം കാത്ത് നിൽക്കേണ്ട അവസ്ഥ. ഡോക്ടർമാരുടെ അഭാവം പലപ്പോഴും ആശുപത്രിയിൽ വാക്കേറ്റത്തിനും നേരിയ സംഘർഷത്തിനും വഴിതെളിക്കാറുണ്ടെന്ന് പറയുന്നു.

വേണ്ടത് 36, ഉള്ളത് 10 ഡോക്ടർമാർ

താലൂക്കാശുപത്രിയുടെ നിലവാരത്തിന് സർക്കാർ നിബന്ധന പ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പടെ 36 ഡോക്ടർമാരും 36 നഴ്സുമാരും ഉണ്ടാകണം. കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും ഉടൻ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ പല തവണ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

പ്രസവത്തി​ന് സൗകര്യമി​ല്ല

ആദ്യകാലത്ത് പ്രസവ കേസുകൾ കൈകാര്യം ചെയ്തിരുന്ന ആശുപത്രിയിൽ അത് നിലച്ചിട്ട് ദശാബ്ദ്ദങ്ങൾ പിന്നിട്ടു. കോടികൾ ചെലവഴിച്ചു നിർമ്മിച്ച ഒന്നാം നിലയിലെ മാതൃ-ശിശു വിഭാഗത്തിൽ ഒ.പി, ഓപ്പറേഷൻ തീയേറ്റർ, പ്രസവമുറി, നവജാത ശിശു തീവ്രപരിചരണ യൂണിറ്റ്, മുലയൂട്ടൽ കേന്ദ്രം, സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ്, സന്ദർകർക്കുള്ള വിശ്രമമുറി എന്നിവയുണ്ട്. 1000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച മോഡുലാർ ഓപ്പറേേഷൻ തീയേറ്ററുമുണ്ട്. എന്നാൽ ഗൈനക്കോളജി വിഭാഗത്തിൽ പേരിന് ഒരു ഡോക്ടർ മാത്രമാണുള്ളത്. ഉദ്ഘാടനം കെങ്കേമമായി​ നടത്തി​യ ശേഷം മറ്റ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി​യി​ല്ല. ഗൈനക്കോളജി വിഭാഗത്തിൽ 3 ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരേയും അടിയന്തിരമായി നിയമിച്ചാലേ മാതൃ-ശിശു വിഭാഗം പ്രവർത്തനമാരംഭിക്കാനാകൂ.

അസ്ഥിരോഗ, സർജ്ജറി വിഭാഗത്തിലും ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ഇ.എൻ.ടി.ഡോക്ടറുടെ സേവനവും ലഭ്യമല്ല.

==മരുന്ന് വാങ്ങാൻ

ക്യൂ നീണ്ട്, നീണ്ട്

ഫാർമസിയ്ക്ക് മുന്നിലെ നീണ്ട ക്യൂവിൽ ക്ഷമയോടെ ഏറെ നേരം കാത്തു നിന്നാലേ മരുന്നുമായി മടങ്ങാനാവുകയുള്ളു. ഫാർമസിയിൽ 10 ഫാർമസിസിസ്റ്റുകളെ നിയമിക്കേണ്ടിടത്ത് ഒരു സ്ഥിരം നിയമനം മാത്രമേ നടത്തിയിട്ടുള്ളു. രണ്ടു പേർ താത്കാലിക ജീവനക്കാരാണ്.

ആശ്വാസമേകി ഡയാലിസിസ് യൂണിറ്റ്

അത്യാധുനിക.ഉപകരണങ്ങൾ ഏറെയുള്ള ആശുപത്രി ലാബിൽ ടെക്നീഷ്യൻമാരും ആവശ്യത്തിനില്ല. ലാബിൽ സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിക്കുകയും പ്രവർത്തനം 24 മണിക്കൂർ ആക്കുകയും വേണമെന്നാണ് ആവശ്യം.

നൂറ് കണക്കിന് വൃക്കരോഗികൾക്ക് വളരെ അനുഗ്രഹമായ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം താഴത്തെ നിലയിൽ നിന്ന് മുകൾനിലയിലേക്ക് മാറ്റി നിത്യേന 40 പേർക്ക് പ്രയോജനം കിട്ടുന്ന വിധത്തിൽ ക്രമീകരിക്കണമെങ്കിൽ കൂടുതൽ ടെക്നിഷ്യൻമാരെ നിയമിക്കേണ്ടതുണ്ട്. ദിനംപ്രതി ഇപ്പോൾ 10 പേർക്കാണ് ഡയാലിസിസ് ചെയ്യുന്നത്. എച്ച്.എം.സി. നിയമിച്ച 6 ടെക്നീഷ്യൻമാരാണ് നിലവിൽ ഡയാലിസിസ് യൂണിറ്റിൽ ഉള്ളത്.

അത്യാഹിത വിഭാഗത്തിൽ

ഡോക്ടർ ഒന്നുമാത്രം

നിരന്തര മുറവിളികൾക്കൊടുവിൽ ആരംഭിച്ച അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണുള്ളത്. നിത്യേന 400 ഓളം പേരാണ് ചികിത്സ തേടിയെത്തുന്നത്. വാഹനാപകടത്തിലും മറ്റും പരിക്കേറ്റ് എത്തുന്നവരുടെയും എണ്ണവും ഏറെ. അടിയന്തിര ചികിത്സ വേഗത്തിൽ നൽകാൻ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും അത്യാഹിത വിഭാഗത്തിൽ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.

തുറവുർ ഗവ.ആശുപത്രി

ഗവ. റൂറൽ ഡിസ്പെൻസറിയായി 1956ൽ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായി.

== 1990-ൽ സാമൂഹികാരോഗ്യ കേന്ദ്രമായി​

2010 ൽ താലൂക്ക് ആശുപത്രിയായി

2016-ൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

2017-ൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം തുടങ്ങി