ചേർത്തല: കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ സഹോദരി യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. നഗരസഭ 22-ാം വാർഡ് നികർത്തിൽ ഭുവനചന്ദ്രന്റെ മകൻ സുഭാഷിനെയാണ് (36) മുതുകിന് കുത്തേറ്റ് പരിക്കുകളോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരി സൗമ്യയ്ക്കെതിരെ (32) കേസെടുക്കണമോ എന്നത് ഐ.സി.യുവിൽ കഴിയുന്ന സുഭാഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. കുടുംബ വീട്ടിലെ ഏഴുസെന്റു സ്ഥലത്തിന്റെ പേരിൽ വർഷങ്ങളായി തർക്കമുണ്ടായിരുന്നു. പലവട്ടം മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചേർത്തല പൊലീസിൽ പരാതിയും നൽകിയിരുന്നു. സുഭാഷും കുടുംബവും എ.എസ് കനാൽ തീരത്തായിരുന്നു താമസം. കുറച്ചുനാളായി അച്ഛനമ്മമാരും സുഭാഷിനൊപ്പമായിരുന്നു. ഇവർ കുടുംബവീട്ടിലേക്ക് വ്യാഴാഴ്ച മടങ്ങിയെത്തിയിരുന്നു. ഇവർക്കൊപ്പമെത്തിയ സുഭാഷ് കുടുംബ വീട്ടിൽ സൗമ്യ വളർത്തിയിരുന്ന പശുവിനെ അഴിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് കുത്തേറ്റതെന്ന് ചേർത്തല സി.ഐ പ്രസാദ് എബ്രഹാം വർഗീസ് അറിയിച്ചു.