photo

ആലപ്പുഴ: ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിയോടൊപ്പം പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ബി.ജെ.പി, യുവമോർച്ച നേതാക്കളുടെ വീടിനു നേരെ ആക്രമണം.

ബി.ജെ.പി തുമ്പോളി മേഖലാ സെക്രട്ടറി പ്രതീഷ് നാരായണൻ, യുവമോർച്ച ആലപ്പുഴ മണ്ഡലം പ്രസിഡന്റ് വിശ്വവിജയ് പാലിന്റെയും വീടുകളാണ് ആക്രമിച്ചത്. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം. ഇരുവരുടെയും വീടിന്റെ ജനൽചില്ലുകളും വിശ്വവിജയ് പാലിന്റെ കാറിന്റെ ചില്ലുകളും അക്രമികൾ അടിച്ചു തകർത്തു. ഇരുവർക്കും നേരെ വധഭീഷണി മുഴക്കിയതിന് ശേഷമാണ് അക്രമിസംഘം മടങ്ങിയത്. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ഇവർ ആരോപിച്ചു.

നോർത്ത് പൊലീസ് കേസെടുത്തു. പുഷ്പാർച്ചന വിവാദമായ ശേഷം തങ്ങൾക്ക് വധഭീഷണി ഉണ്ടായിരുന്നതായി പ്രതീഷും വിശ്വവിജയ് പാലും പറഞ്ഞു.