കരിപ്പുഴ കൊച്ചുപാലം പൊളിച്ചിട്ട് നാലുമാസം
ഹരിപ്പാട്: തട്ടാരമ്പലം- നങ്ങ്യാർകുളങ്ങര റോഡിലെ കരിപ്പുഴ കൊച്ചുപാലം നിർമ്മാണത്തിനായി പൊളിച്ച് നാലു മാസം പിന്നിട്ടിട്ടും പണി പൂർത്തിയാവാത്തതിനാൽ യാത്രാദുരിതം രൂക്ഷം. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും വേഗം പോരെന്നാണ് നാട്ടുകാർ പറയുന്നത്.
പഴയപാലം പൂർണ്ണമായും പൊളിച്ച് മാറ്റിയതോടെ ഏറെ തിരക്കുള്ള ഈ റോഡിലൂടെയുള്ള ഗതാഗതം തിരിച്ച് വിട്ടിരിക്കുകയാണ്. മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. മഴക്കാലത്തിന് മുമ്പ് പാലം പണി പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ യാത്രക്കാർ ഏറെ ദുരിതത്തിലാകും. നിലവിൽ പള്ളിപ്പാട് ചന്ത- ചെന്നിത്തല കോട്ടമുറി വഴിയും ഭഗവതിപ്പടി വഴിയും തട്ടാരമ്പലത്തിൽ എത്തുന്ന വിധത്തിലാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. മഴ ശക്തമാകുന്നതോടെ പള്ളിപ്പാട് ചന്ത- ചെന്നിത്തല കോട്ടമുറി റോഡിൽ വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്യും. ബസുകൾ ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് നാല് മാസമായി അടഞ്ഞു കിടക്കുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കടന്നു പോകാനായി താത്കാകാലിക ബണ്ട് നിർമ്മിച്ച് നൽകിയിട്ടുണ്ടെങ്കിലും ഇരു വശങ്ങളിൽ നിന്നും വാഹനങ്ങൾ എത്തി ഇവിടെ ഗതാഗതകുരുക്ക് നിത്യ സംഭവമാണ്. കാറുകളും ബസുകളും ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കിലോമീറ്ററുകൾ കൂടുതൽ സഞ്ചരിച്ചാണ് എത്തുന്നത്.
..........................
ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും മാത്രം കടന്നു പോകാനായി നിർമ്മിച്ച ബണ്ടിലേക്ക് നിയന്ത്രണം അറിയാതെ എത്തുന്ന കാറുകൾ കയറ്റാൻ ശ്രമിക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. കാറുകൾ ബണ്ടിൽ കുരുങ്ങുന്ന സ്ഥിതിയുമുണ്ട്. കാറുകൾ ഇടറോഡിൽ കയറിയാൽ തിരികെ വരാനുമാവില്ല. കാറുകൾ ഇട റോഡിലേക്ക് കടത്തി വിടാതിരിക്കണം
ഉണ്ണിക്കൃഷ്ണപിള്ള,
പ്രദേശവാസി
...............................
നിലവിൽ കിലോമീറ്ററുകൾ കൂടുതൽ സഞ്ചരിച്ചാണ് ഹരിപ്പാട് എത്തുന്നത്. മഴ കനത്താൽ പള്ളിപ്പാട് റോഡിൽ വെള്ളം കയറുന്നതോടെ ഈ റോഡും ഉപയോഗിക്കാൻ കഴിയാതെയാകും. കായംകുളം വഴി ഹരിപ്പാട് എത്തുന്നത് അമിത ഇന്ധനചിലവിനും സമയ നഷ്ടത്തിനും കാരണമാകും
സുനിൽ കുമാർ,
യാത്രക്കാരൻ