റോഡുകളിൽ
അപകടം പതിയിരിക്കുന്നു
മാവേലിക്കര: റോഡുണ്ടോ എന്നു ചോദിച്ചാൽ റോഡുണ്ട്. കോടികൾ മുടക്കി നിർമിച്ച റോഡുകൾ, ഗ്രാമീണ മേഖലയിൽ പോലും. എന്നാൽ പ്രശ്നം ഇപ്പോൾ അതല്ല, പുതുതായി നിർമിച്ച റോഡുകളിലെ അപകടക്കെണികളാണ്. നിർമ്മാണത്തിലെ അശ്രദ്ധയും പോരായ്മകളുമാണ് കാരണം.
മാവേലിക്കര പ്രദേശത്തെ ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ ഇതാണെന്നാണ് ആക്ഷേപം.
മിക്ക റോഡുകളുടേയും അരികുകൾ ഉയർന്ന് നിൽക്കുന്നതാണ് അപകടക്കെണിയാകുന്നതിന്റെ പ്രധാന കാരണം. മറ്റ് ചിലയിടങ്ങളിൽ ഹമ്പുകൾക്ക് വ്യക്തമായ സൂചന ബോർഡുകൾ സ്ഥാപിക്കാത്തതും ടാറിംഗ് രണ്ട് തട്ടായി കിടക്കുന്നതും എല്ലാം അപകടം ക്ഷണിച്ചുവരുത്തുകയാണ്. അപകടങ്ങൾ കൺമുന്നിൽ നടക്കുന്നത് തുടർക്കഥയായിട്ടും അധികൃതർ പരിഹാര നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കല്ലുമല റോഡാണ് പ്രദേശത്തെ ഏറ്റവും അപകടം നിറഞ്ഞ വഴിയായി മാറിയിരിക്കുന്നത്. ടാറിംഗും വശങ്ങളും രണ്ട് തട്ടായി കിടക്കുകയാണ് ഇവിടെ. ഈ റോഡിന്റെ അരികുകൾ തറനിരപ്പിൽ നിന്ന് ഒരടി മുതൽ മൂന്നടി വരെ ഉയർന്ന് നിൽക്കുന്നു. ആവശ്യത്തിന് ഗ്രാവൽ പാകാത്തതാണ് കാരണം. ഓട നിർമ്മാണം നടക്കുന്നതിന്റെ പേരിൽ മണ്ണ് നീക്കിയതും റോഡിന്റെ വശങ്ങൾ താഴ്ന്ന് നിൽക്കുന്നതിന് കാരണമായിട്ടുണ്ട്. വെള്ളൂർകുളത്തിന് സമീപവുമുള്ള പ്രദേശത്താണ് കൂടുതൽ അപകടകരമായ അവസ്ഥയുള്ളത്.
ഓടയാണിവിടെ കെണി
എ.ആർ ജംഗ്ഷൻ - ശ്രീകൃഷ്ണ ക്ഷേത്രം റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് തൊട്ടുപുറകിലായി വെള്ളക്കെട്ട് ഒഴിവാക്കാനായി ഓട നിർമിച്ചിട്ടുണ്ട്. ഓട അവസാനിക്കുന്ന ഭാഗത്ത് റോഡിനും ഓടയ്ക്കും ഇടയിലായി വലിയ കുഴിയാണ്. സമീപത്ത് നിൽക്കുന്ന മരത്തിന്റെ ഇലകൾ വീണ് മൂടിക്കിടക്കുന്നതിനാൽ ഇവിടെ കാൽനടയാത്രക്കാർ അടക്കം കുഴിയിൽ വീഴുന്നത് പതിവാണ്. തെരുവ് വിളക്ക് പ്രകാശിക്കാത്തതിനാൽ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.
ഹംപ് ഉണ്ടാക്കുന്ന പുകിലേ
കുറത്തികാട് ജംഗ്ഷൻ –ചുനക്കര റോഡിലെ ഹംപ് സ്ഥിരം അപകടക്കെണിയായിരിക്കുകയാണ്. കൃത്യമായ സൂചന ഇല്ലാത്തതിനാലാണ് അപകടം പതിവാകുന്നത്. ഹംപിന്റെ സൂചനയായി വച്ചിരിക്കുന്ന താത്കാലിക ബോർഡ് ഹംപിന് ഏറെ അടുത്താണ്. വാഹനങ്ങൾ അടുത്തെത്തിയ ശേഷം മാത്രമാണ് ഹംപ് ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഇരുചക്ര വാഹനയാത്രക്കാരാണ് പതിവായി ഇവിടെ അപകടത്തിൽ പെടുന്നത്. മാർച്ച് മാസത്തിൽ മാത്രം നാലു പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
..........................
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം - കല്ലുമല റോഡിന്റെ നിർമ്മാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് കാണിച്ച് ഇടപെട്ടിരുന്നു. റോഡ് നിർമ്മാണം നടത്തി രണ്ട് വർഷം കഴിഞ്ഞിട്ടും റോഡിന്റെ അരികുകൾ താഴ്ന്നു കിടക്കുകയാണ്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ ഒന്നും ചെയ്യുന്നില്ല. നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പി.ഡബ്ലു.ഡി എക്സിക്യുട്ടീവ് എൻജിനിയർക്ക് നിരവധി തവണ പരാതി കൊടുത്തു. പരിഹാരം ഉണ്ടാകാത്തതിനാൽ മന്ത്രി ജി.സുധാകരനും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓട നിർമ്മാണം നടത്തിയത്. എന്നിട്ടും ശാസ്ത്രീയമായി നിർമ്മാണത്തിലെ പിഴവ് പരിഹരിച്ചിട്ടില്ല.
ജയസിംഗ്.സി
കൺവീനർ, മാവേലിക്കര റെയിൽവേ ജംഗ്ഷൻ
പ്രാദേശിക വികസന സമിതി