s

മത്സ്യലഭ്യത പേരിനു മാത്രം, മേഖല വറുതിയിൽ

അമ്പലപ്പുഴ: കടലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ ഒമ്പതു മാസമായി ജില്ലയിലെ മത്സ്യബന്ധന വള്ളങ്ങളിൽ ഭൂരിഭാഗവും കടപ്പുറത്തു വിശ്രമത്തിലായി. 20 വർഷത്തിനിടെയുണ്ടായ രൂക്ഷമായ പ്രതിസന്ധിയാണ് മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയും അനുഭവിക്കുന്നത്.

3 വർഷം മുമ്പു മുതലാണ് മത്സ്യ ലഭ്യത കുറഞ്ഞു തുടങ്ങിയതെന്ന് തൊഴിലാളികൾ പറയുന്നു. മത്തി, കൊഴുവ, അയല എന്നിവ ചില ഭാഗങ്ങളിൽ തുടർച്ചയായി 4 വർഷം വരെ നിലയുറപ്പിക്കുമായിരുന്നു. എന്നാലിപ്പോൾ ഒരു പ്രദേശത്ത് മത്സ്യലഭ്യതയുണ്ടായാൽ തൊട്ടടുത്ത ദിവസംതന്നെ അപ്രത്യക്ഷമാവുന്ന സ്ഥിതിവിശേഷമാണ്. സുനാമിക്കു ശേഷം കടലിൽ പല രീതിയിലുള്ള വ്യതിയാനങ്ങളാണ് സംഭവിക്കുന്നതെന്ന് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു. അടിത്തട്ട് ഇളകിയതും, അടിക്കടിയുണ്ടാകുന്ന കടൽക്ഷോഭവുമാണ് വ്യതിയാനത്തിന് കാരണമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. കഴിഞ്ഞ ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ സീസണും കൊവിഡ് വ്യാപനംമൂലം മത്സ്യത്തൊഴിലാളികൾക്ക് നഷ്ടമായിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ചില മത്സ്യത്തൊഴിലാളികൾ വള്ളമിറക്കിയെങ്കിലും വെറും കൈയോടെ മടങ്ങിയെത്തേണ്ടിവന്നു. മത്സ്യ ലഭ്യതക്കുറവിനെക്കുറിച്ച് പഠനം നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ഒരാൾ കയറുന്ന പൊന്തുവള്ളത്തിനു പോലും മത്സ്യം ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. ഇന്ധനച്ചെലവ് ഏറിയതും മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒരു എൻജിന് മാസം 350 ലിറ്റർ മണ്ണെണ്ണ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ കിട്ടുന്നത് 30 ലിറ്റർ മാത്രം. പമ്പുകളിൽ നിന്നു ലിറ്ററിന് 72 രൂപ മുടക്കി മണ്ണെണ്ണ വാങ്ങി മത്സ്യ ബന്ധനത്തിനു പോകേണ്ട അവസ്ഥയാണ്.

കഥയിങ്ങനെ

 42 തൊഴിലാളികൾ കയറുന്ന ലൈലാൻഡ് വള്ളത്തിനും 35 പേർ കയറുന്ന വീഞ്ചു വള്ളത്തിനും 4 മണിക്കൂർ മത്സ്യ ബന്ധനം നടത്താൻ ചെലവ് 30,000 രൂപ

 22 പേർ കയറുന്ന ഫൈബർ വള്ളങ്ങൾക്ക് ഇത്രയും സമയത്തെ ചെലവ് 20,000 രൂപയോളം

 മത്സ്യം ലഭിക്കാതെ മടങ്ങേണ്ടി വരുമ്പോൾ നഷ്ടം സഹിക്കേണ്ടത് വള്ളം ഉടമകൾ

 തൊഴിലാളികൾക്ക് വിഹിതം നൽകണമെങ്കിൽ ചെലവാകുന്ന തുകയുടെ ഇരട്ടി കിട്ടണം

.......................................

കടക്കെണിയിൽ

ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നുമൊക്കെ കടമെടുത്താണ് പലരും വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയിരിക്കുന്നത്. 50,000 രൂപ വരെ മാസം ബാങ്കിൽ അടയ്ക്കേണ്ട വള്ളക്കാരുണ്ട്. ആവശ്യാനുസരണം മത്സ്യം ലഭിക്കാത്തതിനാൽ കണക്കെണിയിലായിരിക്കുകയാണ് പലരും. തൊഴിലാളികൾ മറ്റു മേഖലകളിലേക്കു ചേക്കേറുന്നു. സർക്കാർ നൽകുന്ന കിറ്റുകളല്ലാതെ മറ്റ് ആനുകൂല്ല്യങ്ങളൊന്നും മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. കേരളത്തിൽ തിരുവനന്തപുരത്തെ മുതലപ്പൊഴിയിലും കൊല്ലം ജില്ലയിലെ നീണ്ടകരയിലും കൊച്ചി, ചെല്ലാനം തുടങ്ങിയ ചില ഭാഗങ്ങളിലും കഴിഞ്ഞ 2 ആഴ്ചയായി മത്സ്യലഭ്യത അല്പം വർദ്ധിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്ന മത്സ്യമാണ് കേരളത്തിൽ ഇപ്പോൾ വിൽക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു മൂന്ന് തവണ വള്ളം ഇറക്കിയവരും വെറുംകൈയോടെയാണ് തിരിച്ചെത്തുന്നത്. ലോണിന്റെ പലിശ പോലും അടയ്ക്കാനാവാത്ത അവസ്ഥയിലാണ് വള്ളം ഉടമകൾ.

അഭിലാഷ്, ദീപം വള്ളം ഉടമ