ആലപ്പുഴ : കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കവേ, ഈ മാസം 28ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകളുടെ നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്കയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും. സാധാരണ തിയറി പരീക്ഷയ്ക്ക് മുമ്പായി ഫെബ്രുവരിയിൽ നടക്കാറുള്ള പ്രാക്ടിക്കൽ പരീക്ഷയാണ് താളം തെറ്റി തിയറിക്ക് ശേഷം നടക്കാൻ പോകുന്നത്.
തിയറി പരീക്ഷ നടത്തുന്നതിൽ തന്നെ രണ്ടഭിപ്രായമുള്ളപ്പോൾ പ്രാക്ടിക്കലുകളുടെ നടത്തിപ്പ് അതി ദുഷ്കരമാണെന്ന് അദ്ധ്യാപകർ പറയുന്നു. ലബോറട്ടറിയിലെ മൈക്രോസ്കോപ്പുകളും ബ്യൂററ്റും പിപ്പറ്റുകളുമടക്കമുള്ള ഉപകരണങ്ങൾ കുട്ടികൾ തമ്മിൽ പങ്കുവയരക്കേണ്ടിവരും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷമെത്തിയ അദ്ധ്യാപകരാണ് ഇൻവിജിലേറ്റർമാർ. ഇവർക്ക് കുട്ടികളുമായി അടുത്ത് ഇടപഴകേണ്ടിവരും. ഒരു എക്സാമിനർക്ക് ഒന്നിലേറെ സ്കൂളുകളിൽ പോയി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ചുക്കാൻ പിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ പ്രാക്ടിക്കൽ പഠനം കാര്യക്ഷമമായി നടന്നിട്ടില്ലാത്തതിനാൽ ഇതോടനുബന്ധിച്ചുള്ള നൈപുണികൾ കുട്ടി ആർജ്ജിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്ന പ്രാക്ടിക്കൽ പരീക്ഷയ്ക്കും വലിയ പ്രസക്തിയില്ലെന്ന് അദ്ധ്യാപകർ തുറന്നുപറയുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ,കണക്ക്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി വിത്ത് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് തുടങ്ങിയ ഏതാനും വിഷയങ്ങൾക്കാണ് പ്രായോഗിക പരീക്ഷ നടക്കുക. ആദ്യമായാണ് കണക്കിന് പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത്.
ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി ഒരു വിഷയത്തിന് 200 മാർക്കാണുള്ളത്. അതിൽ120 മാർക്ക് എഴുത്ത് പരീക്ഷയ്ക്കും 40 മാർക്ക് നിരന്തര മൂല്യനിർണയത്തിനും 40 മാർക്ക് പ്രാക്ടിക്കൽ പരീക്ഷയ്ക്കുമാണ്. പ്രാക്ടിക്കൽ ഒഴിവാക്കി ബാക്കി 160 മാർക്കിന് ലഭ്യമാകുന്ന മാർക്ക് ആനുപാതികമായി 200 ലേക്ക് സമീകരിച്ച് റിസൾട്ട് പ്രഖ്യാപിച്ചാൽ രോഗവ്യാപന സാദ്ധ്യത കുറയ്ക്കാമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
സമ്പർക്ക സാദ്ധ്യത
രസതന്ത്രത്തിൽ ഒരേ ബ്യൂററ്റും പിപ്പറ്റും ഒന്നിലേറെ കുട്ടികൾ ഉപയോഗിക്കേണ്ടിവരും. ബോട്ടണിയിൽ ഒരേ മൈക്രോസ്കോപ്പിൽ ഒന്നിലേറെപ്പേർ നോക്കേണ്ടിവരും. ഹയർ സെക്കൻഡറിയിൽ ആദ്യമായി കണക്ക് വിഷയത്തിലും ഈ വർഷം പ്രായോഗിക പരീക്ഷ നടക്കുന്നുണ്ട്. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷയിൽ ഒരേ കമ്പ്യൂട്ടർ തന്നെ ഒന്നിലേറെ കുട്ടികൾ ഉപയോഗിക്കേണ്ടിവരും. രക്തം ഉപയോഗിച്ചും വായിലെ കോശങ്ങൾ ശേഖരിച്ചും നടത്തുന്ന പരീക്ഷണങ്ങൾ ജന്തുശാസ്ത്രത്തിൽ ഒഴിവാക്കിയിട്ടുണ്ട്.
രക്ഷിതാക്കൾ ആധിയിൽ
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതോടെ കുട്ടികളും രക്ഷിതാക്കളും പ്ലസ് വൺ പ്രവേശനത്തെക്കുറിച്ചുള്ള ആശങ്കയിലാണ്. 9 ാം ക്ലാസിലെയും പത്താം ക്ലാസിലെ ഇതുവരെയുമുള്ള പരീക്ഷകളുടെയും മാർക്കിന്റെ ശരാശരിയും, ഇന്റേണൽ മാർക്കും കൂട്ടിയാവും പത്താം ക്ലാസ് റിസൾട്ട് തയ്യാറാക്കുക. പരീക്ഷ എഴുതാതെ അഡ്മിഷനെത്തുന്ന വിദ്യാർത്ഥികൾ ഏകജാലകത്തിൽ കേരള സിലബസുകാർക്ക് പിന്നിലായിപ്പോകുമോ എന്ന ആധിയിലാണ് കുട്ടികളും മാതാപിതാക്കളും.
വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടരുത്. ഇലക്ഷൻ ഡ്യൂട്ടി ചെയ്ത അദ്ധ്യാപകരിൽ ഏറെപ്പേർക്ക് കൊവിഡ് പകർന്നിട്ടുണ്ടാവാനുള്ള സാദ്ധ്യതയുണ്ട്.കൊവിഡ് വ്യാപനം ക്ഷണിച്ച് വരുത്തിയിട്ട് ഇപ്പോൾ എല്ലാവരും ടെസ്റ്റിന് വിധേയമാകണമെന്ന് പറയുന്നതിലെ വൈരുദ്ധ്യം ജീവനക്കാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്
- അദ്ധ്യാപകർ