ആലപ്പുഴ: കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനിടെ ജില്ലയിൽ വാക്സിൻ തീർന്നത് തിരിച്ചടിയായി. രണ്ടു ദിവസത്തിനുള്ളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. രണ്ടാംഘട്ട വാക്സിൻ എടുക്കേണ്ടവരാണ് ആശങ്കയിലായിരിക്കുന്നത്. ജില്ലയിൽ പ്രതിദിനം ശരാശരി ഒന്നരലക്ഷം പേർക്ക് വാക്സിൻ നൽകണം.
കൊവിഡ് ടെസ്റ്റ് മാസ് ഡ്രൈവിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും കളക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലും കൊവിഡ് പരിശോധനകൾ നടത്തി. കൊവിഡ് മുന്നണിപ്പോരാളികൾ, കൊവിഡ് വ്യാപനം വേഗത്തിലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാർ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലുള്ളവർ, കടകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ, ഡെലിവറി എക്‌സിക്യുട്ടീവുകൾ എന്നിവരേയും പരിശോധനയ്ക്ക് വിധേയരാക്കി. ഇന്ന് ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും കൊവിഡ് ടെസ്റ്റ് മാസ് ഡ്രൈവ് തുടരും.
ആകെ 18 പരിശോധന സംഘങ്ങളെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.
കണ്ടെയിൻമെന്റ് സോണുകൾ
വയലാർ ഗ്രാമപഞ്ചായത്ത്: വയലാർ വാർഡ് 4 നാഗംകുളങ്ങര ജംഗ്ഷൻ, വയലാർ ഗ്രാമപഞ്ചായത്ത് റോഡിന്റെ തെക്കുവശം, വയലാർ പി.എച്ച്.സി, രാമവർമ്മ സ്‌കൂൾ റോഡിന് വടക്കുവശം എന്നീ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണാക്കി.
വാക്സിൻ എത്തിയില്ല
വാക്സിൻ ക്ഷാമം മൂലം ജില്ലയിൽ ഇന്നലെ വാക്സിനേഷൻ ക്യാമ്പുകളുടെ എണ്ണം വെട്ടിച്ചുരുക്കി. മുഹമ്മ, തണ്ണീർമുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിയില്ല. കൊവി ഷീൽഡാണ് ജില്ലയിൽ നിലവിൽ വിതരണം ചെയ്യുന്നത്. വാക്സിൻ ക്ഷാമം രൂക്ഷമെന്ന റിപ്പോർട്ടുകൾ വന്നതോടെ ആലപ്പുഴ ജനറൽ ആശുപത്രി ഉൾപ്പടെയുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്... 745
രോഗമുക്തർ.........................................41
നിലവിൽ ചികിത്സയിലുള്ളവർ...........3361
ഇതുവരെ കൊവിഡ് ബാധിച്ചവർ....83,115
34 കേസുകൾ
കൊവിഡ് നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ 34 കേസുകൾ രജിസ്റ്റർ ചെയ്തു. 18 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 281 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 92 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 24,352 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.