ആലപ്പുഴ : പൊട്ടലും ചോർച്ചയും തുടർക്കഥയായ ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പുതിയ ചോർച്ചയ്ക്ക് പരിഹാരമായില്ല. കേളമംഗലം പാലത്തിനും, തകഴി പാലത്തിനും ഇടയിൽ കുരിശടിക്ക് സമീപമാണ് കഴിഞ്ഞ ദിവസം പുതിയ ചോർച്ചയുണ്ടായത്. പൊട്ടിയ പൈപ്പിന് മുകളിൽ കൊയ്ത്ത് കഴിഞ്ഞ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. നെല്ല് നീക്കം ചെയ്താൽ മാത്രമേ ചോർച്ച പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാൻ കഴിയൂവെന്ന് വാട്ടർ അതോറിട്ടി വ്യക്തമാക്കി.

പൈപ്പ് പൊട്ടാൻ സാദ്ധ്യതയുള്ളതിനാൽ ചോർച്ചയുള്ള സ്ഥലത്ത് ഒരാളെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. രാത്രി കാലത്തെ പമ്പിംഗ് പൂർണമായി നിറുത്തിവെച്ചു. ഇതോടെ നഗരത്തിലടക്കം കുടിവെള്ളക്ഷാമം വീണ്ടും രൂക്ഷമായി. നെല്ല് മാറ്റാനുള്ള നടപടികൾ ഇന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. സ്ഥിരമായി പൊട്ടുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് പുതിയ പൈപ്പുകൾ ഇറക്കുമതി ചെയ്തിട്ട് ഒരു വർഷം പിന്നിട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാൽ മാത്രമേ പൈപ്പ് മാറ്റിയിടുന്ന നടപടികൾ ആരംഭിക്കാൻ സാധിക്കൂ. അതേ സമയം, എ.സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ അമ്പലപ്പുഴ - തിരുവല്ല റൂട്ടിലേക്ക് വഴിതിരിച്ചുവിടാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ പൈപ്പ് ഇടീൽ അനന്തമായി നീളും. ഭാരവാഹനങ്ങൾ സ്ഥിരമായി എത്തുന്നതോടെ കൂടുതൽ പൈപ്പുകൾ പൊട്ടാനും സാദ്ധ്യതയുണ്ട്.

പൈപ്പുകൾ മാറ്റി സ്ഥാപിക്കാതെ സ്ഥിരമായുണ്ടാകുന്ന പൊട്ടലിന് ശാശ്വത പരിഹാരമാകില്ല. പെരുമാറ്റച്ചട്ട കാലാവധി അവസാനിക്കാൻ കാത്തിരിക്കുകയാണ്. അതിനിടയിൽ എ.സി റോഡിലെ വാഹനങ്ങൾ ഈ പാതയിലേക്ക് വഴിതിരിച്ചുവിട്ടാൽ പൈപ്പ് പൊട്ടലുകൾ വർദ്ധിക്കും

- ജല അതോറിട്ടി അധികൃതർ