അമ്പലപ്പുഴ: കെ.എസ്.ഇ.ബി പുന്നപ്ര 220 കെ.വി. സബ് സ്റ്റേഷനിലെ സർക്യൂട്ട് ബ്രേക്കറിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 5 ഓടെ ആയിരുന്നു സംഭവം. ട്രാൻസ്ഫോർമറുകളിലെയും ലൈൻ കമ്പികളിലെയും തകരാറുമൂലം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനായി സ്ഥാപിച്ചിട്ടുള്ളതാണ് സർക്യൂട്ട് ബ്രേക്കർ. വലിയ ശബ്ദവും തീയും പുകയും ഉയരുന്നതു കണ്ട് പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ വിവരം കെ.എസ്.ഇ.ബി ഓഫീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് 20 മിനിട്ടിനുള്ളിൽ തീയണച്ചു.