കുട്ടനാട് : വഴിക്ക് വേണ്ടി സംഘടിച്ചതിന്റെ പേരിൽ ഉള്ള വഴി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് രാമങ്കരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മണലാടി മഠത്തിപ്പറമ്പ് ലക്ഷംവീട് കോളനി നിവാസികൾ. നാല്പത്തഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നല്ലൊരുവഴിക്കും കുടിവെള്ളത്തിനുമായുള്ള ഇവരുടെ കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2020 ഡിസംബറിൽ വഴിയ്ക്കായി തെങ്ങുകൾ വെട്ടിയതിന്റെ പേരിൽ കോളനി നിവാസികൾ അറസ്റ്റിലാവുകയും ദിവസങ്ങളോളം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു.
1998ൽ കെ.ഇ.ഇസ്മയിൽ എം പിയായിരുന്നപ്പോൾ അനുവദിച്ച രണ്ടുലക്ഷം രൂപ വിനിയോഗിച്ച് ഇവിടെ ആദ്യഘട്ടമെന്ന നിലയിൽ കുറച്ച് ദൂരം റോഡ് നിർമ്മിച്ചിരുന്നു. ലോറി വരെ കയറിച്ചെല്ലാൻ പാകത്തിലായിരുന്നു ഇതിന്റെ നിർമ്മാണം. ഇതിന്റെ തുടർച്ചയായുള്ള വഴിയിലെ തെങ്ങുകൾ വെട്ടി വീതി കൂട്ടാൻ ശ്രമിച്ചതാണ് വിവാദമായത്. പൊലീസ് ഇത് തടയുകയും വഴി വെട്ടിയവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പിന്നീട് വഴി പൂർവസ്ഥിതിയിലാക്കിയപ്പോൾ ആദ്യം എം.പി ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡ് ഉൾപ്പെടെ ജെ.സി.ബി കൊണ്ട് മാന്തിയെടുത്തതായി നാട്ടുകാർ പറയുന്നു.
കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുക കൂടി ചെയ്തതോടെ ഇവരുടെ യാത്രാദുരിതം ഇരട്ടിയായി. ഒരു ഓട്ടോറിക്ഷ പോലും കോളനിയിലേക്ക് കടക്കാതെ വന്നതോടെ എല്ലാ സാധനങ്ങളും തലേൽ ചുമന്ന് കോളനിയിലെത്തിച്ചെങ്കിൽ മാത്രമെ ഇവർക്ക് കഴിയാനാകൂ. സംഭവം നടന്ന് നാല് മാസം പിന്നിടുമ്പോഴും പ്രശ്നത്തിന് പരിഹാരം കാണാൻ ആരും തയ്യാറാകാത്തതിനാൽ ഇനിയും എത്രകാലം തങ്ങളിങ്ങനെ എല്ലാം സഹിക്കണമെന്ന ചോദ്യമാണ് കോളനി നിവാസികളിൽ നിന്നുയരുന്നത്.
.ജെ.സി.ബി ഉപയോഗിച്ച് വഴി മാന്തി മാറ്റിയത് റവന്യുവകുപ്പിന്റെ നിർദ്ദേശപ്രകാരമെന്ന് പൊലീസും മറിച്ചാണെന്ന് റവന്യു വകുപ്പും നിലപാടെടുത്തതോടെ ത്രിശങ്കുവിലായത് കോളനി നിവാസികളാണ്. ഇരു കൂട്ടരും കൈയൊഴിഞ്ഞതോടെ കോളനി നിവാസികൾക്ക് വഴി നടക്കാനുള്ള അവകാശം കൂടി ഇല്ലാതായി. ഇതിനെതിരെ പ്രദേശത്ത് സി.പി.ഐയുടേയും മറ്റ് ഇടതുപക്ഷ സംഘടനകളുടേയും നേതൃത്വത്തിൽ വിവിധ പ്രതിഷേധങ്ങൾ നടന്നെങ്കിലും അതൊന്നും പ്രശ്നത്തിന് പരിഹാരമായില്ല.
വോട്ടെടുപ്പ് ബഹിഷ്കരിച്ചിട്ടും
ഒന്നും നടന്നില്ല
വർഷങ്ങളായി കുടിവെള്ളവും നല്ലൊരു വഴിയും നിഷേധിക്കപ്പെട്ട കോളനി നിവാസികൾ 2020 ഡിംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. പിന്നീട് കോളനിക്കാർ ഒന്നിച്ച് വഴിവെട്ടാൻ ശ്രമിച്ചതോടെ സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അത് തടയാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. 1995ൽ ശങ്കരമംഗലം വീട്ടിൽ കുഞ്ഞുലക്ഷ്മിയമ്മ മഠത്തിപ്പറമ്പ് കോളനിയിലേക്ക് റോഡ് വെട്ടുവാനായി റിലിങ്ക്വിഷ്‌മെന്റ് പ്രകാരം തീറെഴുതി നൽകിയ വഴിയാണിതെന്ന് രാമങ്കരി വില്ലേജ് ഓഫീസിൽ നിന്നും വിവവരാവകാശനിയമപ്രകാരം നൽകിയ രേഖകൾ നിരത്തി നാട്ടുകാർ പറയുന്നു. എന്നാൽ ഈ വസ്തു പിന്നീട് കൈമാറ്റം ചെയ്യപ്പെട്ടതോടെയാണ് വഴിയുടെ കാര്യത്തിൽ തർക്കം ഉടലെടുക്കുന്നത്. തർക്കം മൂർച്ഛിച്ചതിനെത്തുടർന്ന്. നിലവിലെ വസ്തു ഉടമ പൊലീസിന് പരാതി നൽകുകയായിരുന്നു
നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ വഴി . ഇവിടെ മണ്ണിട്ട് വേണം വഴി നിർമ്മിക്കാൻ.. ഒന്നുരണ്ടു തവണ ഇതിനായ് പണം നീക്കിവെച്ചതാണ്. വിഷയം ആർ.ഡി.ഒയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് വഴി നിർമ്മിച്ചു നൽകുകയും കുടിവെള്ളം എത്തിയ്ക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.
ആർ രാജേന്ദ്രകുമാർ. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്