ചേർത്തല: കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ സഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല നഗരസഭ 22-ാം വാർഡ് നികർത്തിൽ സൗമ്യയാണ് (32) അറസ്റ്റിലായത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കുത്തേറ്റ സഹോദരനെ സൗമ്യയുടെ പരാതി പ്രകാരം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് എബ്രഹാം വർഗീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സുഭാഷിന്റെ മുതുകിലാണ് കുത്തേറ്റത്. പിടിവലിക്കിടെ പരിക്കേറ്റ സൗമ്യയും ചികിത്സ തേടിയിരുന്നു. കുടുംബ വീട്ടിലെ ഏഴ് സെന്റ് സ്ഥലത്തിന്റെ പേരിൽ തർക്കം നിലനിന്നിരുന്നതായും പലവട്ടം മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും പരിഹരിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. എ-എസ് കനാൽ തീരത്തെ വീട്ടിൽ താമസിക്കുകയായിരുന്ന സുഭാഷ് മാതാപിതാക്കൾക്കൊപ്പം വ്യാഴാഴ്ച രാവിലെ കുടുംബ വീട്ടിൽ തിരികെ എത്തിയിരുന്നു. സൗമ്യ വീട്ടിൽ വളർത്തിയിരുന്ന പശുവിനെ അഴിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.