ആലപ്പുഴ: ഉയർന്ന തോതിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി, മോട്ടോർ വാഹന വകുപ്പിന്റെ ഹരിത ബോധവത്കരണ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. 30 വരെ പരിശോധന തുടരും. കേരളത്തിലെ അന്തരീക്ഷവായു നിലവാരം ഉയർത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നൽകിയ നിർദേശ പ്രകാരമാണ് നടപടി.മേയ് മുതൽ എല്ലാ രണ്ടാമത്തെ ആഴ്ചയിലും ഈ പരിശോധന തുടരും.
ജില്ലയിൽ പുക പരിശോധനയ്ക്ക് 6 സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. കൂടാതെ എല്ലാ സബ് ഓഫീസിലെ വെഹിക്കിൾ ഇൻസ്പെക്ടർമാരും പരിശോധന നടത്തും. സംസ്ഥാനത്ത് വാഹന പുകപരിശോധന കൃത്യമല്ലെന്ന് നേരത്തെ തന്നെ വ്യാപക പരാതി ഉയർന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സർട്ടിഫിക്കറ്റുകൾ നൽകുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. പുകപരിശോധനാ കേന്ദ്രങ്ങൾ ഓൺലൈനാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ പുക പരിശോധനാ കേന്ദ്രങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ മോട്ടോർവാഹന വകുപ്പിനും പൊലീസിനും ഓൺലൈനിൽ ലഭിക്കും.
2000 രൂപ പിഴ
ജില്ലയിൽ ഇതുവരെ പരിശോധന നടത്തിയതിൽ പിഴയൊടുക്കേണ്ട കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. വാഹനത്തിൽ സാധുവായ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആദ്യ തവണ 2000 രൂപ പിഴയോ മൂന്ന് മാസം തടവ് ശിക്ഷയോ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴയോ ആറ് മാസം വരെ തടവോ അനുഭവിക്കണമെന്നും മോട്ടോർ വാഹന നിയമത്തിൽ നിർദേശിക്കുന്നുണ്ട്. പരിശോധന ദിവസം മുതൽ ഏഴ് ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പുതുക്കിയ പുകപരിശോധന തുക
ഡീസൽ ഓട്ടോ..............₹90
പെട്രോൾ ഓട്ടോ...........₹80
ഇരുചക്ര വാഹനം........₹80
പെട്രോൾ കാർ..............₹ 100
ഡീസൽ കാർ................₹110
ഹെവി വാഹനം.............₹150
.................
ജില്ലയിൽ ഓപ്പറേഷൻ ഹരിത ബോധവത്കരണം ആരംഭിച്ചു.പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 7 ദിവസത്തിനുള്ളിൽ ഹാജരാക്കണം
(മോട്ടോർ വാഹന എൻഫോഴ്സ്‌മെന്റ് വിഭാഗം)