ആലപ്പുഴ: പകർച്ചവ്യാധി ഭീഷണി ഒഴിവാക്കാൻ ജില്ലയിൽ തദ്ദേശഭരണ സമിതികളുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. അടുത്ത മാസം 30ന് മുമ്പ് പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് തീരുമാനം. പഞ്ചായത്തു ഭരണസമിതികൾ മുന്നിട്ടിറങ്ങിയെങ്കിലും കൊവിഡിനെ തുടർന്ന് ആരോഗ്യ വകുപ്പ് വേണ്ടത്ര താത്പര്യം കാട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പല പഞ്ചായത്തുകളിലും വാർഡുതല സാനിട്ടേഷൻ കമ്മിറ്റികൾ പ്രവർത്തന സജ്ജമല്ല. വാർഡ് മെമ്പർ ചെയർമാനും ഹെൽത്ത് ഇൻസ്‌പെക്ടർ കൺവീനറുമായുള്ള വാർഡുതല സാനിട്ടേഷൻ കമ്മിറ്റികൾ ഉണർന്ന് പ്രവർത്തിച്ചാൽ പകർച്ചവ്യാധികളെ ഒരു പരിധിവരെ തടഞ്ഞു നിറുത്താനാകും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കാനുള്ള ബോധവത്കരണവും മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും കൊവിഡിനെ തുടർന്ന് ഒരിടത്തും കാര്യമായി നടക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മഴക്കാല രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾ ജില്ലയിൽ പിടിമുറുക്കിയേക്കാം. എലിപ്പനി, ഡെങ്കിപ്പനി, പകർച്ചപ്പനി, ഛർദ്ദി, മഞ്ഞപ്പിത്തം, അതിസാരം തുടങ്ങിയ രോഗങ്ങളാണ് സാധാരണ മഴക്കാലത്ത് ജില്ലയിൽ പടരുന്നത്. ജപ്പാൻജ്വരം, ചിക്കുൻഗുനിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളുടെ ഭീഷണിയുമുണ്ട്.
ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലും ആറ് നഗരസഭകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ഓരോ വാർഡിനും 25,000 രൂപ വീതമാണ് സർക്കാർ അനുവദിക്കുന്നത്. ഇതിൽ ദേശീയ ആരോഗ്യ മിഷൻ (എൻ.എച്ച്.എം), ശുചിത്വമിഷൻ എന്നിവ 10,000 രൂപ വീതം നൽകും. 5000 രൂപ തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാനാണ് സർക്കാർ നിർദ്ദേശം. എന്നാൽ കുട്ടനാട് പോലെയുള്ള പ്രദേശത്തെ പഞ്ചായത്തുകളിൽ തനത് ഫണ്ട് കുറവായതിനാൽ ഇവിടങ്ങളിലെ പ്രവർത്തനം പ്രതിസന്ധിയിലാകാനും സാദ്ധ്യതയുണ്ട്.
സമിതികൾ കൂടാറില്ല!
വാർഡ് മെമ്പർ ചെയർമാനും ഹെൽത്ത് ഇൻസ്‌പെക്ടർ കൺവീനറുമായുള്ള വാർഡുതല സാനിട്ടേഷൻ കമ്മിറ്റികൾ കൂടി വാർഡിൽ എവിടെയൊക്കെ ശുചീകരണം നടത്തണമെന്ന് തീരുമാനിക്കണം. എന്നാൽ പലപ്പോഴും സമിതികൾ യോഗം കൂടാറില്ല. . ചെയർമാനും കൺവീനറും ചേർന്നുള്ള അക്കൗണ്ടിലേക്കാണ് പണം നൽകുന്നത്. ചിലയിടങ്ങളിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കൊണ്ട് ചെയ്യിച്ച ശേഷം സ്ഥലത്ത് പോലും എത്താതെ ചെയർമാനും കൺവീനറും ചേർന്ന് വൗച്ചർ തയ്യാറാക്കി തുകമാറാറുണ്ടെന്നും ആരോപണമുണ്ട്.
വാർഡുകളിൽ ചെയ്യേണ്ടത്
കൊതുക്, എലി നശീകരണ പ്രവർത്തനങ്ങൾ
ജലസ്രോതസുകളുടെ ക്ളോറിനേഷൻ നടത്തുക
ബോധവത്കരണ ലഘുലേഖകൾ വീടുകളിൽ എത്തിക്കൽ
പ്രതിരോധ മരുന്ന് വിതരണം, മാലിന്യം നീക്കം ചെയ്യൽ
ഹോട്ടലുകൾ, കടകൾ എന്നിവിടങ്ങളിലെ ശുചിത്വം ഉറപ്പാക്കൽ
പൊതു സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കൽ
ഓരോ വാർഡിനും അനുവദിച്ച തുക: 25,000 രൂപ
പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സർക്കാർ നിർദേശം അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറും. മുൻ വർഷം അനുവദിച്ച ഫണ്ട് പൂർണ്ണമായും ചെലവഴിച്ചില്ലെങ്കിൽ ശേഷിക്കുന്ന തുക കഴിച്ചുള്ള ഫണ്ടാണ് നൽകുക.
(ശുചിത്വ മിഷൻ അധികൃതർ)