sudhakaran

ആലപ്പുഴ: മുൻ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയെപ്പറ്റി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മുൻ സ്റ്റാഫംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസിൽ നൽകിയ പരാതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ട്. മുൻ പേഴ്സണൽ സ്റ്റാഫിനെയോ ഭാര്യയെയോ ഒന്നും പറഞ്ഞിട്ടില്ല. പരാതി നൽകിയവർ നിരപരാധികളാണ്. അവരെ തനിക്കെതിരെ ഉപയോഗിച്ചു. അവരെക്കുറിച്ച് സഹതാപം മാത്രമേയുള്ളൂ. രാഷ്‌ട്രീയ ക്രിമിനലുകൾ ആലപ്പുഴയിൽ പിടിമുറുക്കാൻ ശ്രമിക്കുകയാണ്. താൻ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല.

തന്റെ സംശുദ്ധ രാഷ്‌ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആരോപണങ്ങൾ രാഷ്‌ട്രീയ ധാർമ്മികത ഇല്ലാത്തതാണ്. താനും കുടുംബവും ഒരു വിവാദവുമുണ്ടാക്കുന്നില്ല. എന്നിട്ടും കുടുംബത്തെ ആക്ഷേപിക്കുന്നു. ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. പരാതിക്ക് പിന്നിൽ ഒരു സംഘമുണ്ട്. അതിൽ പല പാർട്ടിക്കാരുണ്ട്. പൊളിറ്റിക്കൽ ക്രിമിനലുകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.

പ്രിൻസിപ്പലായി വിരമിച്ചയാളാണ് എന്റെ ഭാര്യ. നല്ലൊരു തുക പെൻഷനുണ്ട്. എനിക്ക് ഒന്നരലക്ഷം രൂപ ശമ്പളമുണ്ട്. മകന് 12 ലക്ഷം ശമ്പളമുണ്ട്. ജി. സുധാകരന്റ മകനെന്ന് എവിടെയും പറയാതെയാണ് ജോലി നേടിയത്. അവനും ഭാര്യയും വോട്ടു ചെയ്യാനെത്തിയത് രണ്ടു ലക്ഷം രൂപ മുടക്കിയാണ്. മകൻ രാഷ്‌ട്രീയ പ്രവർത്തകനല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ബോദ്ധ്യമുണ്ട്. മരിക്കുന്നത് വരെ യഥാർത്ഥ കമ്മ്യൂണിസ്റ്റായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം യുവതിയുടെ പരാതിയിൽ വസ്‌തുതാപരമായ അന്വേഷണം നടക്കുകയാണെന്ന് അമ്പലപ്പുഴ സി.ഐ എം.ജി. വിനോദ് 'കേരളകൗമുദി"യോട് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യാനുള്ള കാര്യങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ പരാതി പിൻവലിച്ചുവെന്ന വാർത്ത യുവതി നിഷേധിച്ചു.