dcp

 നൂറനാട്, തണ്ണീർമുക്കം പഞ്ചായത്തുകളിൽ കൂട്ടം കൂടുന്നത് നിരോധിച്ചു

ആലപ്പുഴ: ജില്ലയിൽ മുടങ്ങിയ കൊവിഡ് വാക്സിൻ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. വാക്സിൻ തീർന്നതിനെ തുടർന്ന് ഇന്നലെ ജില്ലയിൽ വാക്സിൻ വിതരണം മുടങ്ങിയിരുന്നു. വൈകിട്ട് 6.30ഓടെ കൂഴുതൽ വാക്സിൻ എത്തിക്കുകയായിരുന്നു. ജില്ലയിൽ കൊവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ വീണ്ടും തുറക്കും. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും മാർക്കറ്റിലും പരിശോധന നടന്നു. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ 42 കേസുകൾ രജിസ്റ്റർ ചെയ്തു. 16 പേരെ അറസ്റ്റ് ചെയ്തു.

ആലപ്പുഴ,ചെങ്ങന്നൂർ.മാവേലിക്കര,ചേർത്തല എന്നിവിടങ്ങളിൽ ടൗൺ ഹാൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കുന്നതിനായി ഏറ്റെടുക്കും. കൂടുതൽ കൊവിഡ് രോഗികളുള്ള നൂറനാട്, തണ്ണീർമുക്കം പഞ്ചായത്തുകളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ചു. പൊലീസും സെക്ടറൽ മജിസ്ട്രേറ്റ്മാരും ഈ പ്രദേശങ്ങളിൽ കർശന പരിശോധന നടത്തും. എ.ടി.എം. കൗണ്ടറുകൾ, കച്ചവട സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയുടെ മുമ്പിൽ സാനിട്ടൈസർ സ്ഥാപിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. 15 വയസിനു താഴെയുള്ള കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് ജില്ലയിൽ നിരോധിച്ചു. ടർഫ്, സ്പോർട്സ് ക്ലബ് എന്നിവയുടെ പ്രവർത്തനം രാത്രി 9 വരെയാക്കി.

സി.എഫ്.എൽ.ടി.സി വീണ്ടും

ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് വീണ്ടും കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ (ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ) തുറക്കാൻ തീരുമാനം. ജില്ല കളക്ടർ എ. അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിട്ടി യോഗത്തിലാണ് തീരുമാനം. 815 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള എട്ട് ചികിത്സാ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ തുറക്കുക. ചെങ്ങന്നൂർ പുത്തൻകാവ് എസ്.ബി.എസ്. ക്യാമ്പ് സെന്റർ(ഐ.പി.സി. ഹാൾ- 200 കിടക്കകൾ), ആലപ്പുഴ ടൗൺ ഹാൾ(100 കിടക്കകൾ), തണ്ണീർമുക്കം കാരിക്കാട് സെന്റ് ജോസഫ് പാരിഷ് ഹാൾ(90 കിടക്ക), ചേർത്തല ടൗൺ ഹാൾ(50 കിടക്ക), മാവേലിക്കര ടൗൺ ഹാൾ(50 കിടക്ക), കായംകുളം ടൗൺഹാൾ(30 കിടക്ക), പത്തിയൂർ എൽമെക്സ് ആശുപത്രി(120 കിടക്ക), കായംകുളം സ്വാമി നിർമലാനന്ദ മെമ്മോറിയൽ ബാലഭവൻ(100 കിടക്ക) എന്നിവിടങ്ങളിലാണ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുക.

.......

 ഇന്നലെരോഗം സ്ഥിരീകരിച്ചവർ........908

 സമ്പർക്കത്തിലൂടെ രോഗബാധ..........893

 രോഗമുക്തർ..............................294

 നിലവിൽ ചികിത്സയിലുള്ളത്......3958

പാഴ്സൽ 10 വരെ

ഹോട്ടലുകളിൽ ഭക്ഷണം പാഴ്സലായി വിതരണം ചെയ്യുന്ന സമയത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് നൽകി. ഹോട്ടലുകളുടെ പ്രവർത്തനസമയം ഒമ്പതു വരെയാണെങ്കിലും പാഴ്സൽ വിതരണം രാത്രി 10 വരെയാക്കി. ഓൺലൈനിലൂടെ ഓർഡർ ചെയ്ത് ഭക്ഷണവിതരണം നടത്തുന്നതിന് നിയോഗിക്കപ്പെടുന്നവർ കൊവിഡ് നെഗറ്റീവാണെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പാക്കണം.

കണ്ടെയ്ൻമെന്റ് സോണുകൾ

തഴക്കര-വാർഡ് 2(ശവക്കോട്ട റോഡ്, കുഞ്ചാറ്റ് മുക്ക് റോഡ്, ഭജനമഠം റോഡ്, വഴുവാടി കോളനി റോഡ്), ചെട്ടികുളങ്ങര- വാർഡ് 8 (കമുകുംവിള ക്ഷേത്രഭാഗം മുതൽ പരുമല ഭാഗം വരെയുള്ള പ്രദേശം), വാർഡ് 12, വള്ളികുന്നം-വാർഡ് 6, എഴുപുന്ന- വാർഡ് 4(ശ്രീനാരായണപുരം പാലം മുതൽ കൊച്ചുവെളി കവല വരെയും എരുമല്ലർ കെ.പി.എം.എസ്. റോഡിന് ഇടതുവശം റെയിൽവേ ലൈൻ വരെയുള്ള പ്രദേശം), തകഴി- വാർഡ് 2 , വാർഡ് 4, വാർഡ് 6 (ചിറയിൽ പാലം മുതൽ രണ്ടുപറ പുത്തൻപറമ്പ് വരെയും ബ്രഹ്മണപറമ്പ് മുതൽ വിരുപ്പാല മംഗലപ്പിള്ളി വരെയുമുള്ള പ്രദേശം).

തകഴി പഞ്ചായത്ത് വാർഡ് 7നെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.