മുതുകുളം: കണ്ടല്ലൂരിന്റെ തെക്കൻ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ തൊണ്ട നനയ്ക്കാൻ നെട്ടോട്ടമോടി നാട്ടുകാർ.കണ്ടല്ലൂർ പഞ്ചായത്തിലെ 9,10 വാർഡുകൾ ,ദേവികുളങ്ങര പഞ്ചായത്ത് 12ാം വാർഡ്, ആറാട്ടുപുഴ പഞ്ചായത്ത് അഞ്ചാം വാർഡ് എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമത്താൽ ജനം വലയുന്നത്.
പൈപ്പ് ജംഗ്ഷനിലെ വാട്ടർടാങ്ക് പ്രവർത്തന രഹിതമായതോടെ കുഴൽക്കിണറിൽ നിന്നാണ് ഈ ഭട്ടഗങ്ങളിൽ വെള്ളം എത്തിച്ചിരുന്നതങ്ങ. ഈ മേഖലയിലുള്ള അഞ്ച് കുഴൽക്കിണറുകളിൽ മൂന്നെണ്ണം കുറച്ചു നാളുകൾക്ക് മുമ്പ് വരെ പ്രവർത്തിച്ചിരുന്നു .ഇതിൽ രണ്ടെണ്ണം കൂടി പണിമുടക്കിയതോടെയാണ് ജനം ദുരിതത്തിലായി . ഒരു മാസം മുൻപ് അവശേഷിച്ച കുഴൽക്കിണറും പ്രവർത്തന രഹിതമായതോടെ ജലവിതരണം പൂർണമായും നിലച്ചു. .ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ,ഈ മേഖലയിൽ വീടുകളിൽ കിണർ കുഴിക്കാനും സാധിക്കില്ല .ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തു നിന്ന് കുടിവെള്ളം എത്തിച്ചെങ്കിലേ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണാൻ കഴിയൂ .ഹരിപ്പാട്, ആറാട്ടുപുഴ കുടിവെള്ള പദ്ധതി ഫലപ്രദമായി വിനിയോഗിച്ചാൽ ഈ പ്രദേശത്തെ ജല ദൗർലഭ്യതക്ക് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു .ഇതിന് കണ്ടല്ലൂരിന്റെ തെക്കൻ പ്രദേശങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കണം .കുടിവെള്ള ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ,ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് പ്രദേശ വാസികൾ മുന്നറിയിപ്പ് നൽകി കണ്ടല്ലൂരിന്റെ തെക്കൻ പ്രദേശങ്ങളിൽ ദിവസേന മൂന്ന് ടാങ്ക് വെള്ളം വാഹനങ്ങളിൽ എത്തിക്കുന്നുണ്ടെന്ന് കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പ്രതീക്ഷ കുഴൽക്കിണറിൽ
ആറാട്ടുപുഴ പഞ്ചായത്ത് അഞ്ചാം വാർഡിൽ സ്ഥാപിച്ച കുഴൽക്കിണർ പ്രവർത്തന സജ്ജമായാൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും. ജില്ലാ പഞ്ചായത്തിന്റെയും, ആറാട്ടുപുഴ പഞ്ചായത്തിന്റെയും സയുക്ത പദ്ധതിയാണിത്. പമ്പ് സ്ഥാപിക്കേണ്ട ജോലിയേ ഇവിടെ ഇനി അവശേഷിക്കുന്നുള്ളൂ. പൈപ്പ് ലൈനുകൾ തകർന്ന് ശുദ്ധജലം പാഴാകുന്നത് കുറച്ചുനാൾ മുമ്പു വരെ തീരദേശ മേഖലയിലെ സ്ഥിരം കാഴ്ചയായിരുന്നു. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താനോ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനോ ജല അതോറിറ്റി തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്.
ആറാട്ടുപുഴയിലെ മണിവേലിക്കടവിൽ കുഴൽക്കിണർ പ്രവർത്തിക്കുന്നതോടെ ജലക്ഷാമം പരിഹരിക്കപ്പെടും.
ടി. പി അനിൽകുമാർ (മെമ്പർ, ആറാട്ടുപുഴ പഞ്ചായത്ത് )
ശുദ്ധജല ക്ഷാമം മനസിലാക്കി ദിവസേന നാല് ടാങ്ക് കുടിവെള്ളം കണ്ടല്ലൂരിന്റെ തെക്കൻ മേഖലയിൽ എത്തിക്കുന്നുണ്ട്
തയ്യിൽ പ്രസന്നകുമാരി (പ്രസിഡണ്ട്, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ).
മഴക്കാലത്തും ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ശാസ്ത്രീയ പദ്ധതികൾ തയ്യാറാക്കി ശ്വാശ്വത പരിഹാരം കാണണം.
ദിനേശ് ചന്ദന (പൊതു പ്രവർത്തകൻ )