ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നതിൽ മെഡിക്കൽ ഓഫീസർ ഗുരുതരമായ അനാസ്ഥ കാട്ടുന്നതായി പരാതി. കൊവിഡ് പരിശോധനയ്ക്കെത്തിയ നാട്ടുകാർ ആരോഗ്യ കേന്ദ്രത്തിനുമുന്നിൽ പ്രതിഷേധിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ പരമാവധി പേർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുമെന്ന സർക്കാർ അറിയിപ്പിനെ തുടർന്നാണ് തൊഴിലുറപ്പ് തൊഴിലാളികളുൾപ്പെടെയുള്ളവർ ഇന്നലെ രാവിലെ ആരോഗ്യ കേന്ദ്രത്തിലെത്തിയത്. എന്നാൽ മെഡിക്കൽ ഓഫീസർ സ്ഥലത്തുണ്ടായിരുന്നില്ല. ഡ്യൂട്ടി ഡോക്ടറും ചില ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഇന്നലെയും ആർ.ടി.പി.സി.ആർ ടെസ്റ്റിനായെത്തിയ നൂറോളം തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും നിരാശരായി മടങ്ങേണ്ടിവന്നു.
രണ്ടു ദിവസം മുൻപ് ഇവിടെ ജനപ്രതിനിധികളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തകരും ടെസ്റ്റിന് എത്തി കാത്തിരുന്നിട്ടും അധികൃതരുടെ അനാസ്ഥ കാരണം കഴിഞ്ഞിരുന്നില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് പറഞ്ഞു.
ഉച്ചവരെ കാത്തിരുന്നശേഷമാണ് പ്രതിഷേധം ആരംഭിച്ചത്. ഇതോടെ ജനപ്രതിനിധികളും എത്തിച്ചേർന്ന് ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു.
രണ്ടുമണിയോടെ ക്രമീകരണം ഉണ്ടാകുമെന്ന് സബ് കളക്ടർ ജനപ്രതിനിധികളെ അറിയിച്ചെങ്കിലും കുറെ സമയം കാത്തിരുന്ന ശേഷം ആളുകൾ മടങ്ങി.
കൊവിഡ് ടെസ്റ്റ് നടത്തുന്നതിലും ,വാക്ലിനേഷൻ നടത്തുന്നതിലും, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിലും മെഡിക്കൽ ഓഫീസർ സ്ഥിരമായി കൃത്യവിലോപം കാട്ടുന്നതായി ജനപ്രതിനിധികളും പരാതിപ്പെട്ടു. മെഡിക്കൽ ഓഫീസർക്കെതിരെ പരാതി നൽകുവാനൊരുങ്ങുകയാണ് ജനപ്രതിനിധികൾ.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ബൈജു ,വേണു കാവേരി, അനിൽ പുന്നയ്ക്കാകുളങ്ങര, രതി, അജയഘോഷ്, രാജലക്ഷ്മി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രതിഷേധ സ്ഥലത്ത് എത്തിയിരുന്നു.