മാവേലിക്കര: കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ അൻപത് ലക്ഷം ഡോസ് വാക്‌സിൻ എങ്കിലും നൽകാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ഹർഷവർദ്ധന് കത്ത് നൽകിയതായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി അധിക തുക അനുവദിക്കണമെന്നും എൻ 95 മാസ്കുകളുടെ ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ടെസ്റ്റിംഗ് നിലവിലുള്ളതിൽ നിന്നും വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം തടയുന്നതിന് ഇടതുമുന്നണി സർക്കാർ തിരഞ്ഞെടുപ്പിന് മുൻപുണ്ടായിരുന്ന രീതിയിലുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് കൊടിക്കുന്നിൽ ആരോപിച്ചു. മികച്ച ആശ്വാസ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.