ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകഴി ഭാഗത്ത് പൊട്ടിയതു മൂലം രണ്ടു ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയതിന് അടിയന്തര പരിഹാരം കാണണമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് വാട്ടർ അതോറിട്ടിയോട് ആവശ്യപ്പെട്ടു. പൈപ്പിലെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നും കൺസിലർമാർക്കൊപ്പം വാട്ടർ അതോറിട്ടി ഓഫീസിലെത്തിയ നഗരസഭാദ്ധ്യക്ഷ ആവശ്യപ്പെട്ടു.

തകഴിയിൽ പാലത്തിനു കിഴക്ക് പൈപ്പ് പൊട്ടിയ ഭാഗത്ത് കൊയ്ത നെല്ല് കൂട്ടിയിട്ടിരിക്കുകയാണെന്നും പാടശേഖര സമിതിയും കരാറുകാരനും തമ്മിലുള്ള തർക്കം മൂലം നെല്ലു മാറ്റാനാവാത്ത സാഹചര്യമാണെന്നും നെല്ല് മാറ്റിയാൽ മാത്രമേ അറ്റകുറ്റപ്പണി ആരംഭിക്കാനാവുകയുള്ളു എന്നും വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. തുടർന്ന് നഗരസഭാദ്ധ്യക്ഷ ജില്ലാ കലക്ടറേയും പ്രിൻസിപ്പൽ കൃഷി ഓഫീസറേയും വിവരമറിയിച്ചു .നഗരസഭാദ്ധ്യക്ഷ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസ്, പാർലമെന്ററി പാർട്ടി നേതാവ് എം.ആർ പ്രേം എന്നിവർക്കൊപ്പം തകഴി പഞ്ചായത്തിലെ ഏഴാം വാർഡിലെ കുണ്ടത്തിൽ വരമ്പിനകം വടക്ക് പാടശേഖരത്തിലെത്തുകയും തകഴി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബികാ ഷിബു ഏഴാം വാർഡ് മെമ്പർ ജയച്ചന്ദ്രൻ കലാങ്കേരി തകഴി കൃഷി ഓഫീസർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാടശേഖര സമിതി ഭാരവാഹികളുമായും കരാറുകാരുമായും ചർച്ച നടത്തി. ഇന്ന് ഉച്ചയോടെ നെല്ലു നീക്കം പൂർത്തിയാക്കുവാൻ ധാരണയായി. അറ്റകുറ്റപ്പണികൾ ഇന്ന് രാത്രിയോടെ പൂർത്തിയാക്കാനാവുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.