ആലപ്പുഴ: നഷ്ടക്കണക്കുകളുടെ ഒത്തനടുവിൽ ഇരുത്തിക്കളഞ്ഞ ലോക്ക്ഡൗൺ നാളുകളിൽ നിന്ന് പതിയെ നിവർന്നു വരവേ, ബസുകളിലെ നില്പ് യാത്ര വിലക്കിയത് പൊതു-സ്വകാര്യ മേഖലയുടെ നടുവൊടിക്കുന്നു.
കൊവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ചതിനാൽ ബസ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബസുകളിൽ നിന്നുള്ള യാത്ര പാടില്ലാത്തതിനാൽ കൂടുതൽ പേരെ കയറ്റിയാൽ വരുമാനത്തിന് പകരം പിഴ ഇനത്തിൽ നഷ്ടക്കച്ചവടമാകും മിച്ചം. കഴിഞ്ഞ ഒരു വർഷമായി നഷ്ടത്തിൽ മാത്രം ഓടുന്ന സ്വകാര്യ മേഖല പതിയെ കരകയറി വരികയായിരുന്നു. നിലവിൽ യാത്രക്കാരില്ലാതെ പല സർവീസുകളും മുടങ്ങുകയാണെന്ന് ബസ് ഉടമകൾ പറയുന്നു. കാലിയായാണ് മിക്കപ്പോഴും ഓടുന്നത്. ആളില്ലെന്ന കാരണത്താൽ പൊടുന്നനെ സർവീസ് നിറുത്തിവയ്കാൻ സ്വകാര്യ ബസുകൾക്ക് നിയമാനുസൃത അനുമതിയില്ല.
കൊവിഡ് വ്യാപിച്ചു തുടങ്ങിയ സമയത്ത് വർഷത്തിലെ ക്വാർട്ടർ നികുതിയിൽ മാത്രമാണ് സർക്കാർ ഇളവ് നൽകിയതെന്ന് ബസ് ഉടമകൾ പറയുന്നു. പ്രതിവർഷ ടാക്സ്, ഇൻഷ്വറൻസ്, ക്ഷേമനിധി എന്നിവയടക്കം രണ്ട് ലക്ഷം രൂപയാണ് ഒരു ബസ് ഉടമ സർക്കാരിൽ അടയ്ക്കേണ്ടത്. ലോക്ക് ഡൗൺ കാലത്ത് മാസങ്ങളോളം ഓട്ടമില്ലാതെ കിടന്ന ശേഷം, ലക്ഷങ്ങൾ മുടക്കിയാണ് പല ബസുകളും റൂട്ടിലിറക്കിയത്.
ചെറിയ ദൂരം മാത്രം താണ്ടേണ്ട യാത്രക്കാരാണ് സ്വകാര്യ ബസുകളെ പ്രധാനമായും ആശ്രയിക്കുന്നത്. അവരിൽ തന്നെ അൻപത് വയസ് പിന്നിട്ടവർ ഇപ്പോൾ ബസ് യാത്ര ചെയ്യുന്നില്ല. മറ്റുള്ളവരാവട്ടെ ഇരുചക്ര വാഹനങ്ങളെയും ഓട്ടോറിക്ഷകളെയുമാണ് ഉപയോഗിക്കുന്നത്. വരുമാനം ഇടിഞ്ഞതോടെ ജീവനക്കാരുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായി വെട്ടിച്ചുരുക്കിയാണ് പല ബസുകളും സർവീസ് നടത്തുന്നത്.
യാത്രാക്ളേശം രൂക്ഷം
ഇന്നലെ പി.എസ്.സി പരീക്ഷ ഉണ്ടായിരുന്നതിനാൽ കെ.എസ്.ആർ.ടി.സി ബസുകളിൽ രാവിലെയും വൈകിട്ടും സാമാന്യം തിരക്ക് അനുഭവപ്പെട്ടു. നിന്നുള്ള യാത്ര പാടില്ലെങ്കിലും ഉദ്യോഗാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് സാമൂഹിക അകലത്തോടെ നിറുത്തിയുള്ള യാത്രയും നടന്നു. പരീക്ഷാ സമയം അവസാനിച്ചതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിറുത്തിക്കൊണ്ടുള്ള യാത്രയ്ക്ക് നിരോധനം വന്നതോടെ യാത്രാക്ലേശം രൂക്ഷമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം കുറയുന്നതിനാൽ അധിക സർവീസ് വേണ്ടെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിലയിരുത്തൽ.
......................
നിയന്ത്രണങ്ങൾ വീണ്ടും വന്നതോടെ ഗതാഗത മേഖലയുടെ അവസ്ഥ പഴയതിലും മോശമായി. സർക്കാർ ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല. കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നതുവരെ നികുതി ഇളവോ, ഡീസൽ സബ്സിഡിയോ നൽകണം. ഇൻഷ്വറൻസ് തുക വെട്ടിക്കുറയ്ക്കാനുള്ള നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാലേ സ്വകാര്യ ബസ് മേഖലയ്ക്ക് പിടിച്ചു നിൽക്കാനാവൂ
പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ