ആലപ്പുഴ: നഗരസഭയുടെ അധീനതയിലുള്ള റോഡുകളുടെ നവീകരണം വിവിധ വാർഡുകളിൽ അനിശ്ചിതമായി നീളുന്നു. മാസങ്ങളായി മെറ്റൽ വിരിച്ച് കിടക്കുന്ന റോഡുകളുടെ തുടർ നിർമ്മാണം നടക്കാത്തതിനാൽ പ്രദേശവാസികളും ഇരുചക്രവാഹനയാത്രികരും ബുദ്ധിമുട്ടുകയാണ്.
എ.എൻ പുരം മേഖലയിൽ റോഡ് പൊളിച്ചിട്ട് 4 മാസമായെന്ന് പ്രവദേശവാസികൾ പറയുന്നു. ഇവിടെ മെറ്റൽ വിരിച്ചത് റോൾ ചെയ്യാത്തതിനാൽ ഇരുചക്രവാഹനങ്ങൾക്കു പോകാൻ കഴിയുന്നില്ലെന്നാണ് പരാതി. പാലസ് വാർഡിലും പലയിടങ്ങളിലായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. മറ്റു വാർഡുകളിലും സമാനമാണ് സ്ഥിതി. അമൃത് പദ്ധതിയിൽപ്പെടുത്തിയ റോഡുകളുടെ പുനരുദ്ധാരണമാണ് നീളുന്നത്. തിരഞ്ഞെടുപ്പിലും മറ്റും റോഡുനവീകരണം കുരുങ്ങിയതാണ് ജനത്തിന് ബാദ്ധ്യതയാകുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ അനുവദിക്കപ്പെട്ട റോഡുകളാണ് ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നത്.
ചെളിക്കുളമായി കിടന്നിരുന്ന റോഡുകളിൽ മെറ്റൽ വിരിച്ചത് മഴ ദിവസങ്ങളിൽ ഏറെ ആശ്വാസമാകുന്നുണ്ട്. ടാറിംഗ് അല്പം വൈകിയാലും വെള്ളത്തിൽ നീ ന്തേണ്ട അവസ്ഥ ഒഴിവായതാണ് ആശ്വാസം.
..........................
വാർഡ് തലത്തിൽ അമൃത് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിരുത്തുകയാണ്. ഓരോയിടത്തും പണി ആരംഭിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്
നഗരസഭ അധികൃതർ