പാഡി ഓഫീസർക്കെതിരെ വിമർശനം
അമ്പലപ്പുഴ: 50 ക്വിന്റലോളം വരുന്ന നെല്ല് പാടത്ത് കിടക്കുന്നു. നെഞ്ചിൽ തീയുമായി 245 കർഷകർ. പുന്നപ്ര തെക്കു കൃഷിഭവന്റെ കീഴിലുള്ള വെട്ടിക്കരി പാടശേഖരത്തിലാണ് സംഭവം. നെല്ലിന്റെ കിഴിവിനെച്ചൊല്ലിയുള്ള തർക്കമാണ് കാരണം.
കർഷകർ 7 കിലോ കിഴിവ് സമ്മതിച്ചിരുന്നു. എന്നാൽ സ്ഥലം സന്ദർശിച്ച പാഡി ഓഫീസർ പതിര് കൂടുതലുണ്ടെന്നും ഒമ്പതര കിലോ കിഴിവ് വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നെല്ല് സംഭരണം തടസപ്പെട്ടു. കർഷകർക്ക് വേണ്ടി നിലകൊള്ളേണ്ട ഉദ്യോഗസ്ഥൻ മില്ലുടമകളുടെ താത്പര്യം സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമായി.
502 ഏക്കർ വരുന്ന പാടശേഖരത്ത് 245 കർഷകരാണ് ഉള്ളത്. ബാങ്ക് ലോണും സ്വകാര്യ വായ്പകളും എടുത്ത് ഏക്കറിന് മുപ്പതിനായിരം രൂപ വരെ ചെലവഴിച്ചാണ് കർഷകർ കൃഷി ഇറക്കിയത്. സംഭരണം വൈകിയാൽ വേനൽമഴയിൽ നെല്ല് കേടാകുമോ എന്ന ഭീതിയിലാണ് കർഷകർ. പ്രദേശത്തെ പൊന്നാകരി, നാലുപാടം പാടശേഖരങ്ങളിലേയും നെല്ല് സംഭരണം നടന്നിട്ടില്ല.
...................
മില്ലുടമകളും ഉദ്യോസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നെല്ലുസംഭരണം വൈകുന്നതിന് കാരണം. കർഷകർക്കു വേണ്ടി നിലകൊള്ളേണ്ട ഉദ്യോഗസ്ഥർ മില്ലുടമകൾക്കു വേണ്ടിയാണ് വാദിക്കുന്നത്. ഇതിനെതിരെ വിജിലൻസ് അന്വേഷണം വേണം
നിസാർ വെള്ളാപ്പള്ളി, യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്.