t

ആലപ്പുഴ: പുതിയ അദ്ധ്യയന വർഷം പടിവാതിലിൽ എത്തി നിൽക്കവേ, ജോലിയിൽ എന്ന് തിരികെ കയറാമെന്ന കാര്യത്തിൽ യാതൊരു പിടിയുമില്ലാതെ പകച്ചുനിൽക്കുകയാണ് സ്കൂൾ ബസ് ഡ്രൈവർമാരും ആയമാരും. ഒരു വർഷത്തിനിടെ പലരും ഓട്ടോറിക്ഷാ ഡ്രൈവർമാരും മീൻ കച്ചവടക്കാരും സെയിൽസ്മാൻമാരുമൊക്കെയായി പരിണമിച്ചു! എന്നാൽ ചെയ്തിരുന്ന ജോലിയോളം വരുമാനമോ സംതൃപ്തിയോ ലഭിക്കാത്തതിനാൽ പഴയ ജോലിയിലേക്ക് മടങ്ങാൻ കൊതിക്കുകയാണ് ഇവരിൽ പലരും.

സ്ഥിരവരുമാനം ലഭിക്കാതെ പ്രതിസന്ധി നേരിടുന്നവർ നിരവധി. സ്കൂൾ ബസിന് ഓട്ടമില്ലെങ്കിലും ഭൂരിഭാഗം മാനേജ്മെന്റ് സ്ഥാപനങ്ങളും ജീവനക്കാർക്ക് ആദ്യ ഘട്ടത്തിൽ എല്ലാ മാസവും ശമ്പളം നൽകിയിരുന്നു. പിന്നീടത് വെട്ടിക്കുറച്ചു. നിലവിൽ കഴിഞ്ഞ നവംബർ മുതൽ ഒരു രൂപ പോലും ശമ്പള ഇനത്തിൽ ലഭിക്കാത്ത ഡ്രൈവർമാരുണ്ട്. രക്ഷിതാക്കൾ ഫീസ് കുടിശിക വരുത്തുന്നതിനാൽ ശമ്പളം നൽകാൻ മാർഗമില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. ഓട്ടമില്ലാത്തതിനാൽ സ്വരം കടുപ്പിച്ച് ശമ്പളം ചോദിക്കാൻ ഡ്രൈവർമാർക്കാവുന്നില്ല.

കഴിഞ്ഞ വർഷം മാർച്ച് 11നായിരുന്നു അവസാന സ്കൂൾ ഓട്ടം. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലെ സ്കൂളുകളിലായി നൂറുകണക്കിന് ഡ്രൈവർമാരാണുള്ളത്. ഭൂരിഭാഗവും 50 വയസ് പിന്നിട്ടവർ. പ്രവൃത്തി ദിനങ്ങളിൽ നാല് ട്രിപ്പ് ഓട്ടമുള്ളതിനാൽ പലരും മറ്റ് ജോലികൾ നോക്കിയിരുന്നില്ല. വീടിന് സമീപത്തെ സ്കൂളിൽ ജോലിയുള്ളവർ മാത്രം ഇടനേരങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കാനും കടകളിലെ ജോലിക്കും പോയിരുന്നു. മികച്ച മാനേജ്മെന്റ് സ്കൂളുകളിൽ ഡ്രൈവർമാർക്ക് ഇരുപതിനായിരം രൂപയോളം ശമ്പളം നൽകിയിരുന്നു. എന്നാൽ 95 ശതമാനം വിദ്യാലയങ്ങളിലും 7000- 8500 രൂപയാണ് മാസവേതനം. സർക്കാർ സ്കൂളുകളിൽ ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം നൽകുന്നതും സ്കൂൾ മാനേജ്മെന്റോ പി.ടി.എയോ ആയിരിക്കും.

 വേതനം പലവിധം

ചെറിയ ക്ലാസുകളിലെ കുട്ടികളുടെ സംരക്ഷണത്തിനും, സ്കൂൾ വാഹനത്തിൽ ഡ്യൂട്ടിക്കും നിയോഗിച്ചിരുന്ന ആയമാരുടെ അവസ്ഥയും പരിതാപകരമാണ്. ക്ലാസുകൾ ഓൺലൈനായ നാൾ മുതൽ ആയമാരും പ്രതിസന്ധിയിലാണ്. ഉത്സവ ആനുകൂല്യം ഉൾപ്പെടെ ശമ്പളം മുടങ്ങാതെ നൽകിയ വിദ്യാലയങ്ങളുണ്ട് ജില്ലയിൽ. എന്നാൽ അവയുടെ എണ്ണം വളരെ കുറവാണ്. ചെറിയ സ്കൂളുകളിൽ ഒരാളും, ധാരാളം വിദ്യാർത്ഥികളുള്ള സ്കൂളുകളിൽ നാലോ അഞ്ചോ സ്ഥിരം ഡ്രൈവർമാരുമാണുള്ളത്. സ്കൂളിന്റെ നിലവാരമനുസരിച്ച് ശമ്പള നിരക്കിൽ വ്യത്യാസം വരും.

.....................................

തുറക്കുന്നില്ലെങ്കിലും മിക്ക സ്കൂളുകളും ആദ്യ ഘട്ടത്തിൽ ശമ്പളം നൽകിയിരുന്നു. എന്നാൽ അദ്ധ്യയന വർഷം അവസാനിക്കാറായപ്പോൾ ശമ്പളം കുടിശികയാണ്. ഈ വർഷവും സ്കൂൾ തുറന്നില്ലെങ്കിൽ

കാര്യങ്ങൾ കൂട്ടക്കുഴപ്പത്തിലാവും

ഷിബു, സ്കൂൾ ബസ് ഡ്രൈവർ