s

ചേർത്തല : ചേർത്തല നിവാസികളുടെ സ്വപ്‌നപദ്ധതിയായ വടക്കേഅങ്ങാടി കവല വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലെന്ന് ആക്ഷേപം. നവംബർ 5ന് നിർമ്മാണോദ്ഘാടനം നടന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ മൂന്നു മാസം മുമ്പ് മാത്രമാണ് ആരംഭിക്കാനായത്. പഴയ ദേശീയപാതയ്ക്ക് കുറുകെ രണ്ട് കലുങ്കുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഒരു മാസമായി ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നിർമ്മാണ ജോലികളുടെ മെല്ലെപ്പോക്ക് നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ ആകെ താളംതെ​റ്റിച്ചു. നിയന്ത്റണത്തിനാനുപാതികമായ ക്രമീകരണങ്ങൾ ഒരുക്കാത്തതാണ് കാരണം.
പദ്ധതിയുടെ ഭാഗമായ കലുങ്കു നിർമ്മാണം ആദ്യ ഘട്ടം പൂർത്തിയായി.നാലുകലുങ്കുകളാണ് പൂർത്തിയാക്കേണ്ടത്.ഇതിന് ശേഷമേ റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കൂ.

നാലു കലുങ്കുകളിൽ വയലാർ ഭാഗത്തേക്കുള്ള റോഡിനു കുറുകെയുള്ള കലുങ്ക് പൂർത്തിയാക്കി. പഴയ ദേശീയ പാതയ്ക്ക് കുറുകെയുള്ള കലുങ്കുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഈ ആഴ്ച ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.അതിന് ശേഷം മുട്ടം ഭാഗത്തേയ്ക്കുള്ള കലുങ്കിന്റെ നിർമ്മാണം ആരംഭിക്കും.

സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായില്ല

വികസനത്തിന്റെ 60 ശതമാനം ജോലികളും പൂർത്തിയാകുമ്പോഴും സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നു പേരുടെ സ്ഥലങ്ങൾ കൂടിയാണ് ഇനിയും ഏറ്റെടുക്കേണ്ടത്. കവലയുടെ കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലവും തെക്ക് കിഴക്ക് ഭാഗത്തുള്ള രണ്ട് സ്ഥലങ്ങളുമാണ് ഏറ്റെടുക്കാനുള്ളത്. രേഖകൾ മുഴുവനായി ഹാജരാക്കാൻ കഴിയാത്തതാണ് തടസം. ചീഫ് എൻജിനിയറുടെ ഉത്തരവിലൂടെ ഇത് മറികടക്കാൻ കഴിയുമെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഇതിന് കാലതാമസം വരുത്തിയിരിക്കുകയാണ്.

പദ്ധതി ഒറ്റനോട്ടത്തിൽ

സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് : 8.5 കോടി രൂപ

പി.തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് : 2കോടിരൂപ

കിഴക്ക് -പടിഞ്ഞാറ് 50 മീ​റ്റർ നീളത്തിലും തെക്ക്- വടക്ക് 25 മീ​റ്റർ നീളത്തിലും 20 മീ​റ്റർ വീതിയിലുമാണ് റോഡ് നിർമ്മിക്കുന്നത്.

ഇരുവശങ്ങളിലും നടപ്പാത,ബസ് ബേ,സിഗ്നൽ സംവിധാനം

ദേശീയപാത നിലവാരത്തിൽ നിർമ്മിക്കുന്ന കവലയിൽ ബി.എം-ബി.സി ടാറിംഗാണ് ചെയ്യുന്നത്.

''നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കലുങ്ക് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി പഴയ ദേശീയപാതയിലൂടെ ഗതാഗതം പുനഃസ്ഥാപിക്കണം.

വേളോർവട്ടം ശശികുമാർ

ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ

നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് തടസങ്ങളൊന്നുമില്ല.സമയബന്ധിതമായി പൂർത്തീകരിക്കുംവിധമാണ് പ്രവൃത്തികൾ നടക്കുന്നത്.

ജിഷ രാമചന്ദ്രൻ

അസി.എക്സിക്യൂട്ടീവ് എൻജീനിയർ, പൊതുമരാമത്ത് വകുപ്പ്