പൂച്ചാക്കൽ: തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയ പാണാവള്ളിയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും വാമിക റിസോർട്ട പൊളിക്കാനുള്ള കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
ജനസമ്പർക്ക സമിതി ജില്ലാ സെക്രട്ടറിമാരായ സി.പി. പത്മനാഭനും, അഡ്വ. ജോബ് തമ്പിയുമാണ് റിസോർട്ടുകൾക്കെതിരെ 2012 ൽ കോടതിയെ സമീപിച്ചത്. രണ്ടു റിസോർട്ടുകളും പൊളിച്ചുനീക്കണമെന്ന് 2013 ൽ ഹൈക്കോടതി ഉത്തരവിട്ടു. തിരദേശ പരിപാലന നിയമം ലംഘിച്ചതിന് കേരളത്തിലെ ആദ്യത്തെ കോടതി വിധിയായിരുന്നു ഇത്. വാമിക റിസോർട്ട് മാനേജ്മെൻറ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു. പൊളിച്ചു മാറ്റിയാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന ആക്ഷേപങ്ങൾ വന്നതോടെ പണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാർഡ് വെറ്റില തുരുത്തിലെ നാലര ഏക്കറിൽ ഉയർത്തിയ പതിനെട്ട് റിസോർട്ടുകൾ ഉടമകൾ ഉപേക്ഷിച്ചു. ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ് ഇവ. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് നെടിയ തുരുത്തിലെ കാപ്പിക്കോ റിസോർട്ട് നിർമ്മാണം പുരോഗമിക്കവേയാണ് പൊളിച്ചു നീക്കാൻ കോടതി ഉത്തരവായത്. സുപ്രീം കോടതിയിൽ നിന്നു വിധിക്കെതിരെ സ്റ്റേ വാങ്ങിയാണ് പിന്നീട് നിർമ്മാണം പൂർത്തിയാക്കിയത്.
എന്നാൽ നീണ്ട നിയമ പോരാട്ടങ്ങൾക്കിടെ 2020 ജനുവരിയിൽ എത്രയം വേഗം റിസോർട്ട് പൊളിച്ചുമാറ്റണമെന്നായിരുന്നു ഉത്തരവ്. വിധി നടപ്പാക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ 2013ൽ, പൊളിച്ചു മാറ്റണമെന്ന ഉത്തരവ് ലഭിച്ച വാമിക റിസോർട്ട് വെറ്റില തുരുത്തിൽ പൊന്തക്കാടുകൾക്കിടയിൽ അധികം ആരുടേയും ശ്രദ്ധ നേടാതെ കാത്തുകിടക്കുകയാണ്. തീരദേശ പരിപാലന നിയമം 1991ൽ നിലവിൽ വന്നതിനു ശേഷവും നിരവധി അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുണ്ട്.