കുട്ടനാട് : കുട്ടിപ്പൊലീസിന്റെ കൈക്കരുത്തിൽ പുഞ്ചപ്പാടത്ത് നൂറുമേനി വിളവിന്റെ തിളക്കം.പള്ളാത്തുരുത്തി പണ്ടാരക്കുളം പാടശേഖരത്തെ പതിനൊന്ന് ഏക്കറിലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നെൽകൃഷിയിറക്കിയത്. ക്ലാസ് മുറികൾക്കുള്ളിൽ നിന്ന് കൃഷിയെക്കുറിച്ച് ലഭിച്ച അറിവിന്റെ പാഠങ്ങൾ വയലേലകളിൽ എങ്ങനെ വിജയകരമാക്കിമാറ്റാം എന്നതിന്റെ നേർക്കാഴ്ചയായി ഇത് മാറി. പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി. മിത്രകീടങ്ങളെ വളർത്തി കൃഷി എത്രമാത്രം കർഷകസൗഹൃദമാക്കാം എന്ന പുതിയ പാഠം കൂടിയായി വിദ്യാർത്ഥികൾക്ക് ഈ അനുഭവം.
വിത്തെറിഞ്ഞ നാൾ മുതൽ നാലു മാസത്തിലേറെ ഈ വയൽ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ തന്നെ ഏർപ്പെടുത്തിയിരുന്നു. നാട്ടുകാരിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് കഴിഞ്ഞ ദിവസം വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അഭിമാന മുഹൂർത്തമായി.
ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു നൽകുക,വരും തലമുറയെ കൃഷിയോട് ആഭിമുഖ്യമുള്ളവരാക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളുള്ള ഈ പദ്ധതിയുടെയും അമരക്കാരൻ സ്റ്റുഡന്റ് പൊലീസ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ഐ.ജി പി.വിജയൻ ആണ്.
നാട്ടുകാരുടേയും ഇതിന്റെ ചുമതലക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടേയും മേൽനോട്ടം കൃഷിയിലെ വിജയത്തിന് കൂടുതൽ സഹായകമായതായി കുട്ടികൾ പറഞ്ഞു. വിത്തിടീൽ,വളമിടീൽ തുടങ്ങിയ വലിയ കായികശേഷി ആവശ്യമായി വന്ന ജോലികൾക്ക് മുതിർന്നവരുടെ ചെറിയ സഹായം ലഭിച്ചതൊഴിച്ചാൽ ബാക്കി ജോലികളുടെ ഏറിയ പങ്കും നിർവഹിച്ചത് കുട്ടികൾ തന്നെയാണ്. എസ്.പി.സി സ്റ്റേറ്റ് അസി.നോഡൽ ഓഫീസറും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ എം.രമേഷ്‌കുമാർ, സ്റ്റുഡന്റ് പൊലീസ് ജില്ലാ നോഡൽ ഓഫീസർ എസ്.വിദ്യാധരൻ, എസ്.പി.സി ജില്ലാ അസി.നോഡൽ ഓഫീസർ ജയചന്ദ്രൻ, കെ.വി നന്മ ഫൗണ്ടേഷൻ പ്രതിനിധി അഡ്വ.ജി.മനോജ് കുമാർ എന്നിവരും അദ്ധ്യാപകരും പാടശേഖര പ്രതിനിധികളും ജില്ലയിലെ 56 സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത സ്റ്റുഡന്റ് പൊലീസ്‌കേഡറ്റുകളും കൊയ്ത്തുത്സവത്തിൽ പങ്കുകൊണ്ടു. കവി പുന്നപ്ര ജ്യോതികുമാറിന്റെ നാടൻ പാട്ടും കൊയ്ത്തുത്സവത്തിന് കൊഴുപ്പേകി.