ചേർത്തല: വൈവിദ്ധ്യമാർന്ന കൃഷിയിലൂടെ ശ്രദ്ധേയരായ കഞ്ഞിക്കുഴിയിലെ ടീം അമ്പലക്കര യുവജന കൂട്ടായ്മ രണ്ടര ഏക്കറിൽ നടത്തിയ ഉള്ളി കൃഷിയിൽ ഗംഭീര വിളവെടുപ്പ്.
60 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന ഉള്ളി കൃഷി ചെയ്യുന്നതിന് വലിയ മുതൽ മുടക്ക് ആവശ്യമില്ല. ചൊരിമണലിൽ അധികം അദ്ധ്വാനമില്ലാതെ കൃഷി ചെയ്യാൻ കഴിയുന്ന വിളയാണ് ഉള്ളി. അടുക്കളകളിൽ അത്യാവശ്യമുള്ള ചുവന്ന ഉള്ളിക്ക് വലിയ ഡിമാൻഡുണ്ട്. നാടൻ ഉള്ളിയായതിനാൽ ആവശ്യക്കാരും ഏറെയാണ്. പ്രാദേശിക മാർക്കറ്റുകളിലാണ് വില്പന. മുടക്കിയ മുതലിനേക്കാൾ തുക ലഭിച്ചെന്ന് ടീം അമ്പലക്കരയുടെ പ്രസിഡന്റ് സുരേഷും സെക്രട്ടറി ശ്രീക്കുട്ടനും പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ വിളവെടുപ്പു ഉദ്ഘാടനം നിർവഹിച്ചു.
മുമ്പ് മൂന്നേക്കറിൽ ബന്ദി കൃഷി നടത്തി ഇവർ ശ്രദ്ധ നേടിയിരുന്നു. പാട്ടത്തിനെടുത്ത അരയേക്കർ സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയും വൻവിജയമായിരുന്നു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഒൻപതു പേരടങ്ങിയ ടീം അമ്പലക്കര ജോലി സമയം കഴിഞ്ഞാണ് കൃഷിപ്പണികൾ ചെയ്യുന്നത്.