ph
തകർന്നു കിടക്കുന്ന കായംകുളം എം.എസ്.എം കോളേജ് ജംഗ്ഷൻ

കായംകുളം: കുഴി​കൾ, കുഴി​കൾ എങ്ങും കുഴി​കൾ. കായംകുളം - പുല്ലുകുളങ്ങര - കാർത്തികപ്പള്ളി റോഡി​ന്റെ അവസ്ഥയാണി​ത്. കായംകുളത്തു നിന്നും കാർത്തികപ്പള്ളി വഴി ഹരിപ്പാടിന് പോകുവാനും കൊച്ചിയുടെ ജെട്ടി പാലം വഴി അഴീക്കൽ റോഡിലൂടെ തോട്ടപ്പള്ളിക്ക് പോകുവാനും തീരദേശ ജനത ഉപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ട റോഡി​നാണ് ഈ ദുർഗതി​.

ആധുനിക രീതിയിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്ന റോഡ് തകർന്നതി​ന്റെ പ്രധാന കാരണം പൈപ്പ് ലൈൻ ശരിയാക്കുവാൻ കുഴിയെടുത്തതാണ്. സ്വകാര്യ ബസുകൾ നിരവധി സർവീസുകൾ നടത്തുന്നതും ഇതുവഴിതന്നെ.

റോഡ് തുടങ്ങുന്ന കായംകുളം എം.എസ്.എം കോളേജ് ജംഗ്ഷൻ തന്നെ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് എട്ടുമാസമായി. ഇവിടെ പൈപ്പ് ലൈൻ ശരിയാക്കുവാൻ കുഴിയെടുത്തതാണ് റോഡ് തകരാൻ കാരണം. കുഴിച്ചതിന് ശേഷം പിന്നീട് റോഡ് നന്നാക്കിതുമില്ല.

റോഡിന്റെ മദ്ധ്യഭാഗത്തായി രൂപപ്പെട്ട കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽ പെടുന്നത്. വാഹനങ്ങൾ കുഴികളിൽ വീഴുമ്പോൾ മാത്രമാണ് കുഴികൾ ഉണ്ടെന്ന വിവരം അറിയുന്നത്. മഴ പെയ്ത് കുഴികളിൽ വെള്ളം നിറയുക കൂടി ചെയ്താൽ അപകട പരമ്പരയാണ്.

ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടാത്ത കുഴികളാണ് മിക്കയിടങ്ങളിലും ഉള്ളത്. കരുവിൽ പീടിക ഭാഗത്ത് വളവിന്റെ മദ്ധ്യത്തിലായുള്ള കുഴിയിൽ വാഹനങ്ങൾ വീണ് നിരന്തരം അപകടം സംഭവിക്കുന്നു . കോളേജ് ജംഗ്ഷനിൽ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് തകരാർ പരിഹരിക്കുന്നതിനായി 2020 ഒക്ടോബറിൽ പത്ത് അടിയോളം ആഴത്തിൽ റോഡ് കുഴിച്ച് പൈപ്പ് ലൈനിലെ തകരാർ പരിഹരിച്ചിരുന്നു. പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കുന്നതിനായി പൊളിച്ച ടി റോഡിന്റെ പകുതിയോളം ഭാഗം നാളിതുവരെയായിട്ടും പുനർനിർമ്മിച്ചിട്ടുമില്ല . വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ദേശീയപാതയോട് ചേർന്നുള്ള ഈ ഭാഗവും അപകടകരമായ അവസ്ഥയിലാണ് .

എൻ.ആർ.പി.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കുഴികൾ പ്രദേശവാസികളാണ് കഴിഞ്ഞ ദിവസം സിമന്റും മെറ്റിലും ഉപയോഗിച്ച് അടച്ചത്. പുല്ലുകളങ്ങര, പറവൂർ ജംഗ്ഷൻ, വേലംചിറ, മഞ്ഞാടിമുക്ക് തുടങ്ങി കാർത്തികപ്പള്ളി വരെ ഇരുപതോളം സ്ഥലത്ത് റോഡ് തകർന്ന് കിടക്കുകയാണ്.

-----

തകർന്നു കിടക്കുന്ന കാർത്തികപ്പള്ളി റോഡിൽ അപകടങ്ങൾ പെരുകുകയാണ്. ‌ഏറെ തിരക്കേറിയ റോഡ് പുനർ നിർമ്മിക്കുവാനുള്ള നടപടികൾ സ്വീകരിക്കണം.

ഡോ.പി.രാജേന്ദ്രൻ നായർ.

കെ.പി.സി.സി വിചാർ വിഭാഗ്. ജില്ലാ ജന.സെക്രട്ടറി

ആദ്യത്തെ രണ്ടുകിലോമീറ്റർ ദൂരത്തിൽ കുഴികൾ അടയ്ക്കുവാനുള്ള നടപടകൾ ഉടൻ തുടങ്ങും. അതു കഴിഞ്ഞുള്ള ദൂരം ടോപ്പ് ലയർ ടാർ ചെയ്യും. ഇലക്ഷൻ നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ പ്രവർത്തനങ്ങൾ തുടങ്ങും.

എക്സിക്യൂട്ടി​വ് എൻജിനീയർ, പി.ഡബ്ളിയു.ഡി, ആലപ്പുഴ