ആലപ്പുഴ : ലോക്ക് ഡൗണിനു ശേഷം കരകയറിത്തുടങ്ങിയ ടൂറിസം മേഖലയെ വീണ്ടും പ്രതിസന്ധിയുടെ നടുവിലേക്ക് തള്ളിയിടുന്നതായി കൊവിഡിന്റെ രണ്ടാം വരവ്. കഴിഞ്ഞ ഡിസംബർ മുതലാണ് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസം മേഖല ഒരുവിധം സജീവമായി തുടങ്ങിയത്. വിദേശ സഞ്ചാരികളില്ലെങ്കിലും തദ്ദേശീയരായ സഞ്ചാരികൾ കൂടുതലായി ഇവിടേക്ക് എത്തിയിരുന്നു.
എന്നാൽ, കഴിഞ്ഞ ഒരാഴ്ച കൊണ്ട് സ്ഥിതിയാകെ തകിടം മറിഞ്ഞു. ഹൗസ് ബോട്ടുകളുടെ ബുക്കിംഗ് കൂട്ടത്തോടെ കാൻസലായി. ബീച്ചിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തിയതോടെ മറ്റ് ജില്ലകളിൽ നിന്നുള്ളവരുടെ വരവും കുറഞ്ഞു.
തൃശൂർ, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് ജനുവരി മുതൽ സഞ്ചാരികൾ കൂടുതലായി ആലപ്പുഴയിൽ എത്തിയിരുന്നത്. സാധാരണ ഏപ്രിൽ,മേയ് മാസങ്ങളിൽ ധാരാളം പേർ ഹൗസ് ബോട്ട് സവാരിക്ക് എത്താറുള്ളതാണ്. തമിഴ്നാട് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതോടെ കോയമ്പത്തൂരിൽ നിന്നുൾപ്പെടെയുള്ള സന്ദർശകരുടെ വരവും നിലച്ചു. റംസാൻ വ്രതം തുടങ്ങിയതിനാൽ മലബാറിൽ നിന്നുള്ളവരുടെ എണ്ണവും കുറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ എത്താൻ സാദ്ധ്യതയില്ലെന്നാണ് ഹൗസ് ബോട്ട് ഉടമകൾ പറയുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയതാണ് കാരണം. കൊവിഡ് നിയന്ത്രണം കൂടുതൽ കർശനമാക്കിയാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും വിജനമാകുമോയെന്ന ആശങ്കയുണ്ട്. ജില്ലയിൽ 1500ലധികം ഹൗസ് ബോട്ടുകളാണ് ഉള്ളത്. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായത്. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 45 വയസിന് മുകളിലുള്ളവർ വാക്സിൻ എടുത്തിട്ടുണ്ട്. എന്നാൽ ഇതിന് താഴെ പ്രായമുള്ള തൊഴിലാളികൾക്കും വാക്സിൻ നൽകണമെന്നാണ് ഹൗസ് ബോട്ട് ഉടമകളുടെ ആവശ്യം.
ഗ്രാന്റ് കിട്ടണമെങ്കിൽ രജിസ്ട്രേഷൻ വേണം
കൊവിഡിന്റെ ആദ്യവരവിൽ ഹൗസ്ബോട്ട് മേഖല തകർന്നപ്പോൾ സർക്കാർ നിശ്ചിത തുക ഗ്രാന്റായി പ്രഖ്യാപിച്ചിരുന്നു. ഈ മാസം ഈ തുക കിട്ടുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ. ജില്ലയിൽ 1500ലധികം ബോട്ടുകൾ ഓടുന്നുണ്ടെങ്കിലും ഇവയിൽ പകുതിയും രജിസ്ട്രേഷൻ ഇല്ലാത്തവയാണ്. രജിസ്ട്രേഷനില്ലാത്ത ബോട്ടുകൾക്ക് ഒരു ആനുകൂല്യവും ലഭ്യമാകില്ല. ഗ്രാന്റ് ലഭിക്കണമെങ്കിൽ ഹൗസ്ബോട്ടിന്റെ ഫിറ്റ്നസും എല്ലാ വിവരങ്ങളും പ്രത്യേക സൈറ്റിൽ അപ്ലോഡ് ചെയ്യണമായിരുന്നു. പി.ഡബ്ല്യു.ഡിയാണ് ഇതിന്റെ എസ്റ്റിമേറ്റ് എടുക്കുന്നത്. മൂന്ന് ബെഡുള്ള ഹൗസ് ബോട്ടിന് 80,000 രൂപ, 3 ബെഡിന് മുകളിലുള്ളവയ്ക്ക് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് സർക്കാർ ഗ്രാന്റ് നൽകുന്നത്.
'' ജനുവരി മാസം മുതൽ ഹൗസ് ബോട്ടുകൾക്കും റിസോർട്ടുകൾക്കും ഒരുപോലെ ബുക്കിംഗുണ്ടായിരുന്നു. എന്നാൽ കൊവിഡ് രണ്ടാംതരംഗത്തിൽ ആ പ്രതീക്ഷയും പോയി.വിദേശികളും ഉത്തരേന്ത്യൻ ടൂറിസ്റ്റുകളും ഉടൻ ജില്ലയിൽ എത്തില്ല. തദ്ദേശീയരിലായിരുന്നു പ്രതീക്ഷ. ഒരാഴ്ചായി അവരും എത്തുന്നില്ല.
(വിജയൻ ,ഹൗസ് ബോട്ട് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി )