g-sudhakaran

ആലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനലിസം ആലപ്പുഴയിൽ പിടിമുറുക്കുന്നെന്ന് തുറന്നടിച്ച് വിവാദത്തിന് തിരികൊളുത്തിയ മന്ത്രി ജി. സുധാകരന്റെ രക്ഷയ്ക്ക് ബി.ജെ.പി നേതാവിന്റെ മൃത്യുഞ്ജയ ഹോമം വഴിപാട്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് ആലപ്പുഴ കളർകോട് മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ, ജി. സുധാകരൻ, ചതയം നക്ഷത്രം എന്ന പേരിൽ 100 രൂപ മുടക്കി വഴിപാട് നടത്തിയത്. സുധാകരന്റെ വസതിക്ക് സമീപം താമസിക്കുന്ന ജയചന്ദ്രൻ 13 വർഷം മുമ്പ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു നേരെ രാഷ്ട്രീയ ആക്രമണം ഉണ്ടായപ്പോഴും സമാന വഴിപാട് നടത്തിയിരുന്നു. 2016ൽ അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരനെതിരെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു ജയചന്ദ്രൻ.

പൊളിറ്റിക്കൽ ക്രിമിനലിസത്തെക്കുറിച്ച് തുറന്നടിച്ച പത്രസമ്മേളനത്തിൽ തങ്ങളെ അപമാനിക്കുന്ന തരത്തിൽ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് മന്ത്രിയുടെ മുൻ പേഴ്സണൽ സ്‌റ്റാഫംഗത്തിന്റെ ഭാര്യയും എസ്.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റിയംഗവുമായ യുവതി പൊലീസിൽ പരാതി നൽകിയതോടെ വിവാദം വഴിമാറിയിരുന്നു. അമ്പലപ്പുഴ പൊലീസ് കേസെടുക്കാതിരുന്നതോടെ യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കേസെടുക്കണമോ എന്നു തീരുമാനിക്കാൻ വസ്‌തുതാപരിശോധന നടത്തുകയാണ് പൊലീസ്. വിഷയം പാർട്ടിതലത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം.

 ആരിഫിന്റെ ഒളിയമ്പ്

സുധാകരന്റെ പരാമർശത്തോട് പ്രതികരിക്കരുതെന്ന് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയെങ്കിലും അത് ലംഘിച്ച് എ.എം.ആരിഫ് എം.പി രംഗത്തെത്തിയതോടെ വിവാദം വീണ്ടും മുറുകി. സി.പി.എമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകളില്ലെന്നും ആരെയെങ്കിലും കാണിച്ചാൽ നടപടിയെടുക്കാമെന്നുമായിരുന്നു ആരിഫിന്റെ പ്രതികരണം.

സുധാകരന്റെ ചിത്രമുള്ള അമ്പലപ്പുഴയിലെ സി.പി.എം സ്ഥാനാർത്ഥി എച്ച്.സലാമിന്റെ പോസ്‌റ്റർ നശിപ്പിച്ചശേഷം ആരിഫിന്റെ ചിത്രമുള്ള പോസ്‌റ്റർ വോട്ടെടുപ്പിന് തലേന്ന് പതിച്ചത് വിഭാഗീയതയുടെ ഭാഗമാണെന്ന് വിമർശനം ഉയർന്നിരുന്നു.

 കോൺഗ്രസും രണ്ട് തട്ടിൽ

സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ സുധാകരനെതിരെ കേസെടുക്കണമെന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂറിന്റെ നിലപാട് തള്ളി ഡി.സി.സി പ്രസിഡന്റ് എം. ലിജു രംഗത്തെത്തിയതോടെ കോൺഗ്രസും രണ്ടു തട്ടിലായി. സുധാകരനെതിരെയുള്ള പരാതി സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമാണെന്നാണ് ലിജുവിന്റെ നിലപാട്.

'വഴിപാട് നടത്തിയത് രാഷ്‌ട്രീയ ധാർമ്മികതയുടെ പേരിലാണ്. ബി.ജെ.പി അച്ചടക്ക നടപടിയെടുക്കേണ്ട കാര്യമൊന്നുമില്ല".

- എൽ.പി. ജയചന്ദ്രൻ, ബി.ജെ.പി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്