s

ആലപ്പുഴ: പൈതൃക-സാംസ്കാരിക-സമര രംഗങ്ങളുടെ ചരിത്രം ഓർമ്മപ്പെടുത്തുന്ന ബിനാലെ പ്രദർശനത്തിന് ആലപ്പുഴയിൽ തിരശീല ഉയർന്നു. 'ലോകമേ തറവാട്' എന്ന പേരിൽ 75 ദിവസം നീണ്ടുനിൽക്കുന്ന, ആലപ്പുഴയിലെ ആദ്യ ബിനാലെയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള 270 കലാകാരന്മാരുടെ 3400 സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്. ജൂൺ 30 വരെ നടക്കുന്ന ബിനാലെ ന്യൂ മോഡൽ സൊസൈറ്റിയിലെ വേദിയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ഒരുകൂട്ടം കലാകാരൻമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ അന്യമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത തൊഴിലും വ്യവസായങ്ങളും ഉൾപ്പെടെയുള്ളവ ഓർമ്മപ്പെടുത്തുന്ന രംഗങ്ങൾ ചിത്രീകരിച്ച് അഞ്ച് വേദികളിലായിട്ടാണ് പ്രദർശനം നടക്കുന്നത്. ഇന്നലെ മുതൽ ബിനാലെ വേദികൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ സംസ്ഥാന ടൂറിസം-സാംസ്‌കാരിക വകുപ്പുകളുടെയും ആലപ്പുഴ പൈതൃക പദ്ധതിയുടെയും പിന്തുണയോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, ന്യൂ മോഡൽ സൊസൈറ്റി ബിൽഡിംഗ്, പോർട്ട് മ്യൂസിയം, ഈസ്റ്റേൺ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് -വില്യം ഗുഡേക്കർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ അഞ്ചു വേദികളിലും നാലു ഗാലറികളിലുമായാണ് പ്രദർശനം. ഇതിന് പുറമേ എറണാകുളം നഗരത്തിലെ ദർബാർ ഹാളും വേദിയാകും.

മഹാത്മാ ഗാന്ധിയുടെ ട്രെയിൻ യാത്ര മുതൽ പുന്നപ്ര വയലാർ സമരം വരെ വിവരിക്കുന്ന വിവിധ ചിത്രങ്ങൾ പ്രദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. പരമ്പരാഗത വ്യവസായമായ കയർ, നെൽകൃഷി, കനാൽ, കടൽപാലം, ലൈറ്റ് ഹൗസ്, തുറമുഖം, പൈതൃക മ്യൂസിയങ്ങൾ, ഗുജറാത്തി തെരുവ്, പള്ളികൾ ആരാധനാലയങ്ങൾ, പുന്നപ്ര വയലാർ സമരം തുടങ്ങി നിരവധി വിഷയങ്ങൾ ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 പ്രവേശനം പാസിലൂടെ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിനാലെ സന്ദർശിക്കുന്നതിന് 24 മുതൽ പാസ് നിർബന്ധമാക്കും. വാക്സിനേഷൻ സർട്ടിഫിക്കറ്റ്, 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കിയാൽ പാസ് ലഭിക്കും. രാവിലെ 10 മുതൽ ആറുവരെയാണ് പ്രദർശനം. നിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനായി സെക്ടറൽ മജിസ്ട്രേറ്റിനെ വേദിയിൽ നിയോഗിച്ചു. ബിനാലെ കാണാനായി എത്തുമ്പോൾ ഈ പാസിനൊപ്പം വെബ്സൈറ്റിൽ നൽകിയ തിരിച്ചറിയിൽ രേഖയുടെ അസൽ, കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് എന്നിവയും കൈയിൽ കരുതണം. https://covid19jagratha.kerala.nic.in/ എന്ന വെബ്സൈറ്റിലൂടെ പാസ് ലഭിക്കും.