s

ആലപ്പുഴ: കൊവിഡ് പ്രതിരോധ വാക്സിനെടുക്കാനെത്തിയവരുടെ തിക്കും തിരക്കും കൂടിയതോടെ ആലപ്പുഴ ജനറൽ ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ സ്പോട്ട് രജിസ്ട്രേഷൻ നിറുത്തലാക്കി.ഇന്നലെ എത്തിയവരിൽ മുന്നൂറ് പേർക്ക് മാത്രമാണ് വാക്സിൻ നൽകിയത്. മറ്റുള്ളവർക്ക് ഇന്ന് മുതൽ അടുത്ത ദിവസങ്ങളിൽ എത്തുന്നതിനുള്ള ടോക്കൺ നൽകി തിരിച്ചയച്ചു.

രജിസ്ട്രേഷൻ കൗണ്ടർ മുതൽ വാക്സിൻ എടുക്കുന്ന മുറി വരെ അതിരാവിലെയോടെ തനനെ നീണ്ട ക്യൂ കാണപ്പെട്ടു. ഇതിനിടെ ആരോഗ്യ പ്രവർത്തരിൽ ചിലർ ക്യൂ പാലിക്കാതെ അകത്തു കയറി എന്നാരോപിച്ച് സ്ഥലത്തുള്ളവർ ബഹളമുണ്ടാക്കി. വാക്സിന്റെ പരിമിതമായ സ്റ്റോക്ക് മാത്രമാണ് ഇപ്പോൾ കേന്ദ്രങ്ങളിലുള്ളത്. ഈ മാസം 21വരെ വാക്സിൻ എടുക്കാൻ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. 21ന് വൈകിട്ട് മുതലേ രജിസ്ട്രേഷൻ പുനരാരംഭിക്കൂ. കഴിഞ്ഞ ദിവസങ്ങളിൽ അറുന്നൂറിലധികം പേർക്ക് ഒരു ദിവസം വാക്സിൻ എടുത്തിരുന്നെങ്കിലും തിരക്ക് കണക്കിലെടുത്ത് ദിവസേന 300 പേർക്ക് കുത്തിവയ്പ്പ് നടത്തിയാൽ മതിയെന്നാണ് തീരുമാനം. ആദ്യം എത്തുന്ന നൂറ് പേർക്ക് രാവിലെ 10.30മുതൽ , അടുത്ത നൂറ് പേർക്ക് ഉച്ചയ്ക്ക് , ശേഷിക്കുന്നവർക്ക് ഉച്ചയ്ക്ക് ശേഷം എന്നിങ്ങനെയാവും സമയം ക്രമീകരിക്കുക.

പരിമിതമായ സ്റ്റോക്ക് വാകസിനേ ഉള്ളൂ. കൂടുതൽ വാക്സിൻ ഉടൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ ആരെയും മരുന്നില്ലാതെ തിരിച്ചയക്കുന്നില്ല. തിരക്ക് മൂലമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്

- ആരോഗ്യവകുപ്പ് അധികൃതർ