retirement-age

ആലപ്പുഴ: കൃഷി വകുപ്പിന് കീഴിലുള്ള വിവിധ തസ്തികകളിലെ 15 ജീവനക്കാർ, ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സർവീസ് ബുക്കിൽ ജനനത്തീയതി തിരുത്തി, വിരമിക്കൽ കാലാവധി കഴിഞ്ഞിട്ടും ജോലിയിൽ തുടരുന്നതായി വിവരാവകാശ രേഖ.

അന്വേഷണം പൂർത്തീകരിക്കാത്തതിനാൽ ആർക്കുമെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വിവരാവകാശ പ്രവർത്തകനായ ഡി. ധനേഷിന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സ്പെഷ്യൽ വിജിലൻസ് സെല്ലിൽ നിന്നുള്ള മറുപടിയിൽ പറയുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികൾ സർക്കാർ ജോലി സ്വപ്നം കണ്ട് കാത്തിരിക്കുമ്പോഴാണ് ഈ കള്ളക്കളി. അന്വേഷണം പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാനായിട്ടില്ലെന്നാണ് വിശദീകരണം

പരാതിയുടെ അടിസ്ഥാനത്തിലാണ് കൃഷി വകുപ്പിൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തി റിപ്പോർട്ട് സമ‌ർപ്പിക്കാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സ്പെഷ്യൽ വിജിലൻസ് സെല്ലിനെ സർക്കാർ ചുമതലപ്പെടുത്തിയത്. പ്രാഥമികാന്വേഷണ റിപ്പോർട്ട് 2019ൽ സർക്കാരിന് സമർപ്പിച്ചെങ്കിലും നടപടിയില്ല.

'കൃഷി ഓഫീസർമാരടക്കമുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലാണെന്ന ന്യായം പറഞ്ഞ് അവരെ അന്വേഷണപരിധിയിൽ നിന്ന് സർക്കാർ മറച്ചു പിടിക്കുകയാണ്'.

-ഡി.ധനേഷ്,

വിവരാവകാശ പ്രവർത്തകൻ