tv

ആലപ്പുഴ: പ്രമുഖ കുടവ്യവസായിയും പോപ്പി അംബ്രല്ലാ സ്ഥാപകനും പോപ്പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ ടി.വി.സ്‌കറിയ (സെന്റ് ജോർജ് ബേബി -81) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആലപ്പുഴ പഴവങ്ങാടി മാർസ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പാലാ പടിഞ്ഞാറേക്കര കുടുംബാംഗം തങ്കമ്മ ബേബി. മക്കൾ:ഡെയ്‌സി ജേക്കബ്, ലാലി ആന്റോ, ഡേവിസ് തയ്യിൽ (സി.ഇ.ഒ, പോപ്പി അംബ്രല്ലാ മാർട്ട്), ടി.എസ്.ജോസഫ് (പോപ്പി). മരുമക്കൾ: ജേക്കബ് തോമസ് (മുൻ ഡി.ജി.പി.), ഡോ.ആന്റോ കള്ളിയത്ത്, സിസി ഡേവിസ്.പതിന്നാലാം വയസിൽ പിതാവിനൊപ്പം സെന്റ് ജോർജ് കുട കമ്പനിയിൽ പ്രവർത്തനം തുടങ്ങിയ സ്കറിയ സെന്റ് ജോർജ് ബേബി എന്നാണ് അറിയപ്പെട്ടിരുന്നത്. 1995ൽ പോപ്പി അംബ്രല്ലാ മാർട്ട് സ്ഥാപിച്ച് കുടവിപണിയിൽ മാതൃകാപരമായ മാറ്റങ്ങൾക്കും ആധുനികവത്കരണങ്ങൾക്കും തുടക്കമിട്ടു.1979 മുതൽ ഇന്ത്യൻ സ്‌റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷന്റെ (ഐ.എസ്.ഐ.) കുട ഗുണനിലവാര നിയന്ത്രണ കമ്മിറ്റി അംഗമായി. അതേ വർഷം കമ്മിറ്റി ചെയർമാനുമായി. 2005 ൽ ആൾ ഇന്ത്യ അംബ്രല്ലാ ഫെഡറേഷൻ പ്രസിഡന്റായി. കുട വ്യവസായരംഗത്തെ പ്രവർത്തന മികവും നേതൃപാടവവും പരിഗണിച്ച് ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചു. രാജീവ്ഗാന്ധി ക്വാളിറ്റി പുരസ്‌കാരം, അക്ഷയ പുരസ്‌കാരം, എ.കെ.സി.സി ശതാബ്ദി പുരസ്‌കാരം തുടങ്ങിയവും നേടി.