ആലപ്പുഴ: ബൈപ്പാസിലെ എലിവേറ്റഡ് ഹൈവേയിൽ ഓട്ടത്തിനിടെ കത്തിനശിച്ച മാരുതി ഒമ്നി വാനിൽ നിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിലുണ്ടാതിരുന്ന ഹോം അപ്ളയൻസസ് സാധനങ്ങൾ അഗ്നിക്കിരയായി.
ഇരവുകാട് ചെല്ലാട്ടുചിറ വീട്ടിൽ ജിഷ്ണുവാണ് (27) വാൻ ഓടിച്ചിരുന്നത്. വലത് കൈപ്പത്തിക്ക് പൊള്ളലേറ്റ ജിഷ്ണു ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ എലിവേറ്റഡ് ഹൈവേയുടെ മദ്ധ്യഭാഗത്തായിരുന്നു സംഭവം. ഫാൻ, വാഷിംഗ് മെഷീൻ എന്നിവ മാർക്കറ്റ് ചെയ്യുന്ന വഴിച്ചേരിയിലെ കമ്പനിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. തുമ്പോളിയിലെ ഷോറൂമിൽ നിന്ന് ചങ്ങനാശേരിയിലെ കടയിലേക്ക് സാധനങ്ങളുമായി പോകവേ വാഹനത്തിന്റെ പിൻഭാഗത്ത് ബാറ്ററി വച്ചിരുന്ന ഭാഗത്തു നിന്ന് അസഹനീയമായ ചൂട് അനുഭവപ്പെട്ടു. പെട്ടെന്ന് ജിഷ്ണു വാഹനം നിറുത്തി പുറത്തിറങ്ങി. ഈ സമയം പിൻസീറ്റിലിരുന്ന കവറുകളിൽ നിന്ന് തീ ആളിപ്പടർന്നു. ജിഷ്ണു ആലപ്പുഴ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ സംഘമാണ് തീ അണച്ചത്. വാഹനം പൂർണ്ണമായും കത്തി നശിച്ചു. സ്റ്റേഷൻ ഓഫീസർ ഡി.ബൈജു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.ഗിരീഷ്, ആൻഡ് റെസ്‌ക്യു സീനിയർ ഫയർ ഓഫീസർ എസ്.കെ.സലിം കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.