tv

ആലപ്പുഴ: 'മഴ, മഴ, കുട, കുട, മഴ വന്നാൽ പോപ്പിക്കുട' എന്ന് മഴ വരുമ്പോഴൊക്കെ മലയാളികൾ മൂളിയിരുന്ന വരികളിലൂടെ 'പോപ്പി' ബ്രാൻഡ് കുട വിപണിയിൽ വലിയൊരു തരംഗമായപ്പോൾ, ആ വിജയത്തിനു ചുക്കാൻ പിടിച്ചത് ബേബിച്ചൻ എന്ന ടി.വി. സ്കറിയ ആയിരുന്നു. കുട വാവച്ചനെന്ന് അറിയപ്പെട്ടിരുന്ന പിതാവ് തയ്യിൽ എബ്രഹാം വർഗ്ഗീസ് പടുത്തുയർത്തിയ 'സെന്റ് ജോർജ് അംബ്രല്ല മാർട്ടി'ൽ നിന്ന് പോപ്പിയിലേക്കുള്ള കുടമാറ്റത്തിനിടെ ഒരിക്കൽപ്പോലും ആ കാലുകൾ ഇടറിയിട്ടില്ല.

വാവച്ചന്റെ വേർപാടോടെയാണ് പോപ്പി, ജോൺസ് എന്നീ പേരുകളിൽ മക്കളിലേക്ക് കുടക്കച്ചവടം വീതിക്കപ്പെട്ടത്. ആലപ്പുഴക്കാർ ആദ്യമോർക്കുന്ന കുടപ്പേരായിരുന്നു സെന്റ് ജോർജ്. കാസിം കരിം സേട്ടിന്റെ കുടനിർമ്മാണ കമ്പനിയിൽ ജോലിക്കാരനായിരുന്ന തയ്യിൽ ഏബ്രഹാം വർഗീസ് 1954 ആഗസ്റ്റ് 17നാണ് സെന്റ് ജോർജ് എന്ന കമ്പനി തുടങ്ങിയത്. പിതാവിനൊപ്പം ചെറുപ്പത്തിലെ ബേബിച്ചനും കുട തുന്നി. ആലപ്പുഴ ടൗണിൽ വാടകക്കെട്ടിടത്തിൽ ഒമ്പതു ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോർജ് കുട ആദ്യവർഷം തന്നെ 500 ഡസൻ വിറ്റഴിക്കപ്പെട്ടു. 41 വർഷത്തിനു ശേഷം മറ്റൊരു ആഗസ്റ്റ് 17നു സെന്റ് ജോർജ്ജ് ഇല്ലാതായി. അതേ പാരമ്പര്യത്തിൽ പോപ്പിയും ജോൺസും പിറന്നു.

കുട വിപണിയെ ജനകീയമാക്കിയത് സ്കറിയ ആയിരുന്നു. കുടയുടെ രൂപ ഭാവങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങളിലൂടെ വലിയ പരീക്ഷണങ്ങളിലേക്ക് പോപ്പി കടന്നു. സ്കൂൾ തുറക്കുമ്പോൾ തീർച്ചയായും കൈയിൽ കരുതേണ്ട ഒന്നാണ് കുടയെന്ന ഒാർമ്മപ്പെടുത്തൽ ശ്രദ്ധേയമായ പരസ്യങ്ങളിലൂടെ നേടിയെടുക്കാൻ പോപ്പിക്കായി. 'വടികൊണ്ട് തല്ലല്ലേ സാറേ, പോപ്പിക്കുട കൊണ്ട് തല്ലിക്കോ വേണേൽ' എന്ന പരസ്യത്തിലൂടെ കുട്ടികളെ പോപ്പിയുടെ ഇഷ്‌ട കൂട്ടുകാരാക്കിക്കൊണ്ട് സ്കറിയ വിപണി പിടിച്ചെടുത്തു. സ്‌ത്രീകൾ ഉപയോഗിക്കുന്ന ചെറിയ ബാഗിൽ ഒതുങ്ങുന്ന കുട, ബ്ളൂ ടൂത്ത് കണക്‌ടിവിറ്റിയും ഫാനുമുള്ള കുട എന്നിവ ഓരോ വർഷവും പോപ്പിയിലെ പുതുവിശേഷങ്ങളായി. വിവിധ പ്രായക്കാർക്കു വേണ്ടി അവരുടേതായ അഭിരുചിയിൽ 150 ൽപരം കുടകൾ പോപ്പി ഇറക്കി. ഇടനിലക്കാരില്ലാതെ 4700 ഏജൻസികളാണ് പോപ്പിയിൽ നിന്നു നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുന്നത്.

ജീവനക്കാരെ സഹോദരങ്ങളെ പോലെ സ്‌നേഹിച്ച വ്യക്തിത്വമായിരുന്നു സ്‌കറിയയുടേത്. ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളും നവീനചിന്തകളും കരുതലുമാണ് പോപ്പിയെ വളർത്തുന്നതിൽ സ്‌കറിയയേയും മകൻ ഡേവിസിനെയും തുണച്ചത്.