അമ്പലപ്പുഴ: പുന്നപ്ര തെക്ക് കൃഷിഭവന് കീഴിലുള്ള വെട്ടിക്കരി പാടശേഖരത്ത് നെല്ലു സംഭരണം തുടങ്ങി. കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ചയായിട്ടും സംഭരണം നടക്കാത്തതിനെ തുടർന്ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
കിഴിവ് സംബന്ധിച്ച തർക്കമായിരുന്നു കാരണം. പാടശേഖര സമിതി 7 കിലോ വരെ കിഴിവ് സമ്മതിച്ചെങ്കിലും ഉദ്യോഗസ്ഥരും മില്ലുടമകളും 9 കിലോ കിഴിവ് ആണ് ആവശ്യപ്പെട്ടത്. വാർത്തയെ തുടർന്ന് മില്ലുടമകൾ എത്തി 7 കിലോ കിഴിവ് പ്രകാരം ഇന്നലെ നെല്ലെടുപ്പ് ആരംഭിച്ചു. 502 ഏക്കറുള്ള പാടശേഖരത്ത് 245 കർഷകരാണുള്ളത്. സംഭരണം വൈകിയാൽ വേനൽ മഴയിൽ നെല്ല് നശിച്ചുപോകുമെന്ന ആശങ്കയിലായിരുന്നു കർഷകർ. 50 ക്വിന്റലോളം നെല്ലാണ് പാടശേഖരത്ത് കൂട്ടിയിട്ടിരുന്നത്.