മാന്നാർ: എസ്. എൻ.ഡി.പി യോഗം ചെന്നിത്തല തെക്ക് 1790-ാം നമ്പർ ശാഖാ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ 16ാം മത് വാർഷിക മഹോത്സവം വിവിധ ആദ്ധ്യാത്മിക - വൈദീക ചടങ്ങുകളോടെ നടന്നു. രാവിലെ 5.30ന് പ്രഭാതഭേരി, ഗുരുദേവ കീർത്തനാലാപനം, നിർമ്മാല്യ ദർശനം, ഗണപതി ഹോമം, മഹാമൃത്യുജ്ഞയഹോമം, കലശപൂജ, കലശാഭിഷേകം, മഹാ ഗുരുപൂജ, ദീപാരാധന എന്നിവയോടെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ക്ഷേത്ര തന്ത്രി ഓച്ചിറ ഉണ്ണി തന്ത്രികളുടെ നേതൃത്വത്തിൽ നടന്നു. രാവിലെ 8.30 ന് ശാഖായോഗം വൈസ് പ്രസിഡന്റ് പീത പതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ കൽവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ്. പടിത്തറ മുഖ്യ സന്ദേശം നൽകി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, മുൻ മേഖല ചെയർമാൻ ജി.മധു വടശേരിൽ, രവീന്ദ്രൻ കണ്ണംപ്ളേത്ത് , വനിതാ സംഘം പ്രസിഡന്റ് വിജയമ്മ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ബിജു ഏറ്റിക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് അശോകൻ മൂലേശേരിൽ നന്ദിയും പറഞ്ഞു.