ആലപ്പുഴ : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു റംസാൻ നോയമ്പ് ആചരിക്കുന്നതുമായി​ ബന്ധപ്പെട്ട് മുസ്ലിം സാമുദായിക സംഘടന നേതാക്കൾ , മഹല്ല് കമ്മറ്റി ഭാരവാഹികൾ എന്നിവരുമായി​ ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജും വൈസ് ചെയർമാൻ പി എസ് എം ഹുസൈനും ചർച്ച നടത്തി .പള്ളികളിൽ സാമൂഹിക അകലം പാലിക്കുക , നമസ്‌കാരത്തിന് നിൽക്കേണ്ട സ്ഥലം കൃത്യ അകലത്തിൽ അടയാളപ്പെടുത്തുക , നോമ്പ് തുറ ഭക്ഷണം പാഴ്സലായി നൽകുക , പ്രാർത്ഥന ഹാളിന്റെ വലുപ്പം അനുസരിച്ചു ആളുകളെ ക്രമീകരിക്കുക , പരമാവധി 75 പേരെ മാത്രം പങ്കെടുപ്പിക്കുക , 10 വയസിന് താഴെയുള്ളവരെയും 60 വയസിന് മുകളിൽ ഉള്ളവരെയും ഹാളിനുള്ളിൽ പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ തീരുമാനങ്ങളെടുത്തു . സ്ഥാപനങ്ങളുടെ കവാടത്തിൽ ബ്രേക്ക് ദി ചെയിൻ സംവിധാനം ഒരുക്കുക , സന്ദർശകരുടെ ഫോൺ നമ്പർ എഴുതിയ രജിസ്റ്റർ സൂക്ഷിക്കുക , ജീവനക്കാർ മാസ്‌കും ഗ്ലൗസും ധരിക്കുക , കടയ്ക്കുള്ളിൽ സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയവ പാലി​ക്കാൻ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു . സൂപ്പർ മാർക്കറ്റുകളിൽ സാമൂഹിക അകലം ഉറപ്പാക്കുവാനും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്റ്റാഫുകൾ വിന്യസിക്കാനും യോഗം തീരുമാനിച്ചു . യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷരായ ബീന രമേശ് , എ ഷാനവാസ് , കൊവിഡ് നോഡൽ ഓഫിസർ ഹർഷിദ് , അനിൽകുമാർ തുടങ്ങിയവരും പങ്കെടുത്തു .