ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ മുൻ പേഴ്സണൽ സ്‌റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ സി.പി.എം പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ തീരുമാനമായില്ല. ഇന്നലെ ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു യോഗം.
സംഭവം അടുത്ത ദിവസങ്ങളിൽ ഉപരിഘടകങ്ങളുടെ ചർച്ചയിൽ വരും. എത്രയും വേഗം പ്രശ്‌നം അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. പൊലീസിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന് യുവതിയുടെ ഭർത്താവ് യോഗത്തിൽ വ്യക്തമാക്കി. പത്രസമ്മേളനത്തിൽ ജി. സുധാകരൻ അപമാനകരമായി സംസാരിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴി ഇന്നലെ അമ്പലപ്പുഴ പൊലീസ് രേഖപ്പെടുത്തി. എന്നാൽ, പരാതിയിൽ കേസെടുക്കാനും മാത്രം കഴമ്പില്ലെന്നാണ് പൊലീസിന്റെ നിലപാട്.