കൊമ്മാടി ഭാഗത്ത് രണ്ടാം റോഡിന് സ്ഥലപരിമിതി പ്രശ്നം
ആലപ്പുഴ: ബൈപ്പാസ് ആരംഭിക്കുന്ന കളർകോട് ജംഗ്ഷനിൽ ഭാവിയിൽ പതിവാകാൻ സാദ്ധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാൻ, ഒന്നര കിലോമീറ്ററോളം തെക്കുള്ള പറവൂർ ജംഗ്ഷൻ മുതൽ കളർകോട് വരെയുള്ള രണ്ടാംപാത നിർമ്മാണവും സിഗ്നൽ ബോർഡ് സ്ഥാപിക്കലും അവസാന ഘട്ടത്തിൽ. മീഡിയൻ നിർമ്മിക്കാത്തതിനാൽ നിലവിലെ തണൽ മരങ്ങൾ ഇരു റോഡുകളുടെയും മദ്ധ്യത്തുണ്ടാവും.
കളർകോട്ടും ബൈപ്പാസിന്റെ വടക്കേ അറ്റമായ കൊമ്മാടിയിലും മീഡിയനോടു കൂടിയുള്ള രണ്ടാംറോഡ് നിർമ്മാണമാണ് ആലോചിച്ചിരുന്നതെങ്കിലും ദേശീയപാത വികസനം ഉടനുണ്ടാവുമെന്നതിനാൽ നിലവിൽ മീഡിയൻ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷം തുടർച്ചയായി ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി ജി.സുധാകരന്റെ നിർദ്ദേശപ്രകാരമാണ് നിർമ്മാണം അടിയന്തരമായി ആരംഭിച്ചത്. കളർകോട് ഭാഗത്ത് ആവശ്യമായ സ്ഥലമുള്ളതിനാൽ ഇവിടെയാണ് നിർമ്മാണം ആദ്യം ആരംഭിച്ചത്. നിരവധി പോക്കറ്റ് റോഡുകളാണ് കളർകോട് ബൈപ്പാസ് ജംഗ്ഷനിൽ ചേരുന്നത്. ഇക്കാരണത്താൽ അപകട സാദ്ധ്യത കൂടാമെന്നതിനാലാണ് പറവൂർ ജംഗ്ഷൻ വരെ രണ്ടാം റോഡ് നീട്ടാൻ തീരുമാനിച്ചത്.
തെക്കു നിന്ന് വരുന്ന വാഹനങ്ങൾ കളർകോട് ജംഗ്ഷനിലെത്തുമ്പോൾ ദിശ തെറ്റുന്നത് പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. പറവൂരിൽ നിന്ന് ബൈപ്പാസിലേക്കും ടൗൺ റോഡിലേക്കും വേർതിരിഞ്ഞ് പോകാൻ കഴിയുന്ന തരത്തിലാണ് രണ്ടാംറോഡ് നിർമ്മാണം പൂർത്തീകരിക്കുന്നത്. ആദ്യം സിഗ്‌നൽ ലൈറ്റുകൾ മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ മാറ്റി സ്ഥാപിച്ചു. നിർമ്മാണം പൂർത്തീകരിച്ച ഭാഗത്ത് കൂടുതൽ സിഗ്‌നൽ ബോർഡുകൾ സ്ഥാപിക്കുന്ന ജോലികളാണ് ബാക്കിയുള്ളത്.
വടക്ക് സ്ഥലപരിമിതി
വടക്ക് കൊമ്മാടി മുതൽ തുമ്പോളി വരെയുള്ള ഭാഗത്ത് രണ്ടാം റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഇല്ലാത്തതൊരു തടസമാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ജി.സുധാകരൻ മന്ത്രി തോമസ് ഐസക്കുമായി ചർച്ച നടത്തിയെങ്കിലും തുടർ നടപടി ആരംഭിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത് വിനയായി. കളർകോട് ബൈപ്പാസ് ജംഗ്ഷനേക്കാൾ കൂടുതൽ അപകട സാദ്ധ്യത കൊമ്മാടിയിലാണ്. തീരദേശ റോഡിലൂടെ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളും തുമ്പോളി ജംഗ്ഷനിൽ നിന്നാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. അപകടം ഒഴിവാക്കാൻ തുമ്പോളി ജംഗ്ഷന് വടക്ക് ഭാഗംവരെ റോഡിന് വീതി വർദ്ധിപ്പിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യമുണ്ട്.
അമിതവേഗം
അമിതവേഗവും മറ്റ് നിയമ ലംഘനങ്ങളുമാണ് ബൈപ്പാസിനെ അപകട മേഖലയാക്കുന്നത്. 40 കിലോമീറ്റർ വേഗമേ ബൈപ്പാസിൽ പാടുള്ളൂ. പക്ഷേ ഇത് പാലിക്കപ്പെടുന്നില്ല. നിരീക്ഷണ കാമറകൾ കൂടുതൽ വേണമെന്ന ആവശ്യവുമുണ്ട്.