s

മിൽമ സംഭാരത്തിന് വൻ ഡിമാൻഡ്

ആലപ്പുഴ: വേനലിൽ ശീതളപാനീയ വിപണി സജീവമായതോടെ, സംഭാരത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള മിൽമയുടെ തീരുമാനം പാളിയില്ല. വിശ്വസിക്കാമെന്നതിനാൽ ഉപഭോക്താക്കൾ മിൽമ സംഭാരം ചോദിച്ചു വാങ്ങുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു.

പുന്നപ്രയിലെ മിൽമ യൂണിറ്റിൽ പ്രതിദിനം 1000 ലിറ്റർ സംഭാരമാണ് ഉത്പാദിപ്പിക്കുന്നത്. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെയാണ് കൂടുതൽ പാക്കറ്റുകൾ വിപണിയിലെത്തിച്ചതെന്ന് മിൽമ അധികൃതർ പറയുന്നു. കറുവാപ്പട്ട, കറിവേപ്പില, ഇഞ്ചി എന്നിവ ചേർത്ത് തയ്യാറാക്കുന്ന സംഭാരം 250 മില്ലിലിറ്റർ പാക്കറ്റിന് 10 രൂപയാണ്. ഗ്ളാസിന്റെ ആവശ്യമില്ല. പാൽകവറിനു സമാനമായ, കവറിന്റെ മൂലഭാഗം മുറിച്ച് കുടിക്കാം. വീട്ടിൽ തയ്യാറാക്കുന്ന അതേ രുചിയിൽ പോക്കറ്റ് കാലിയാകാതെ മികച്ച ഉത്പന്നം ലഭിക്കുന്നതിനാൽ കൂടുതൽപേർ സംഭാരം തേടി എത്തുന്നുണ്ടെന്ന് കച്ചവടക്കാരുടെയും സാക്ഷ്യപത്രം.

സത്കാര ചടങ്ങുകൾക്ക് കൃത്രിമ പാനീയങ്ങൾ വേണ്ടെന്ന് തീരുമാനിക്കുന്നവരും സംഭാരത്തിലേക്ക് തിരിയുന്നുണ്ട്. ചടങ്ങുകളിൽ ഉപയോഗിക്കാൻ പാകത്തിന് ചെറിയ കപ്പുകളിൽ പാക്ക് ചെയ്ത സംഭാരവും ലഭ്യമാണ്. കൊവിഡ് കാലമായതോടെ, പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന പാൽ ഉത്പന്നങ്ങൾക്കും മികച്ച വിപണിയുണ്ട്. ഉടൻ ഉപയോഗിക്കാൻ കഴിയുന്ന പാക്കറ്റുകൾക്കാണ് ആവശ്യക്കാരേറെ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിറ്റായ ഹൽദി മിൽക്കിന്റെ ചുവട് പിടിച്ചാണ് ഇത്തരം പാനീയങ്ങൾ മിൽമ തയ്യാറാക്കിയത്. മഞ്ഞൾ, കറുവാപട്ട, ഇഞ്ചി, കുരുമുളക്, തുളസി എന്നിവ ചേർത്ത തയ്യാറാക്കുന്ന ഗുഡ് ഹെൽത്ത് ഇമ്മ്യൂണോ ബൂസ്റ്റർ, അശ്വഗന്ധയും കുങ്കുമപ്പൂവും ചേർത്തുണ്ടാക്കിയ പാൽ എന്നിവയ്ക്ക് കൊവിഡ് നിരക്ക് ഉയരുന്തോറും ആവശ്യക്കാർ കൂടുകയാണ്.

ഐറ്റങ്ങൾ അണിയറയിൽ

ഐസ്ക്രീമിന്റെ അതേ രുചിയിൽ ആസ്വദിക്കാൻ കഴിയുന്ന യോഗർട്ട് ആണ് മിൽമ ഇനി വിപണിയിൽ ഇറക്കുന്നത്. തൈരും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ഗ്രീക്ക് യോഗർട്ടും, മിക്സഡ് ഫ്രൂട്ട് ഡ്രിങ്കും വൈകാതെ വിപണിയിലെത്തും.

പാൽ വിപണി ഉണർന്നു

കൊവിഡ് വർദ്ധന പാൽ വിപണിക്ക് ഗുണകരമായി. പ്രതിദിനം 1.18 ലക്ഷം ലിറ്റർ പാലാണ് ജില്ലയിൽ വിൽക്കുന്നത്. പ്രതിസന്ധികാലത്ത് ജോലി നഷ്ടപ്പെട്ട പലരും ക്ഷീര മേഖലയിലേക്ക് കടന്നതോടെ ഗുണമേന്മയുള്ള പാലിന്റെ ഉത്പാദനവും വർദ്ധിച്ചിട്ടുണ്ട്.

പാൽ ഉത്പാദനത്തിലും വില്പനയിലും പത്ത് മുതൽ ഇരുപത് ശതമാനത്തിന്റെ വരെ വർദ്ധനവുണ്ടായിട്ടുണ്ട്. വേനൽ ആരംഭിച്ചതോടെയാണ് സംഭാരത്തിന്റെ മാർക്കറ്റ് ഉയർന്നത്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കൂടുതൽ ഉത്പന്നങ്ങൾ വൈകാതെ വിപണിയിലെത്തും

വി.എസ്.മുരുകൻ, ഡയറി മാനേജർ, മിൽമ പുന്നപ്ര യൂണിറ്റ്